
Web Desk
അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്തതിന് അര്‍ധരാത്രി വീടുകയറി ആക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ശ്രീകാര്യം മേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസില്‍ അനന്തു (26) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 11നായിരുന്നു സംഭവം . നന്നാട്ടുകാവ് മുറമേല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ വീട്ടിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. സുനിലിന്റെ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ ഫെയ്സ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അതില്‍ നിന്നും സുനിലിന്റെ ഭാര്യയ്ക്ക് മോശം മെസേജുകള്‍ അയച്ചിരുന്നു. തുടര്‍ന്ന് ഫെയ്സ് ബുക്കില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ സിബിയെയും അനന്തുവിനെയും സുനില്‍ തിരിച്ചറിഞ്ഞിരുന്നു. സുനില്‍ ഫോണിലുടെ സിബിയെ ബന്ധപ്പെട്ടുകയും ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം പ്രതികള്‍ വട്ടപ്പാറയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ ലഹരി പദാര്‍ത്ഥങ്ങളും മാരകായുധങ്ങളുമായി പിടികൂടിയത്. പ്രതികളോടൊപ്പം മറ്റ് മൂന്ന് പേരെയും വട്ടപ്പാറയിലെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്.