
Web Desk
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണക്കോടതിയുടെ നിര്‍ദേശം. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ജഡ്ജി ചോദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് തനിക്ക് പ്രത്യേക താല്പര്യമില്ല. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണക്കോടതി ജഡ്ജി അന്വേഷണസംഘത്തോട് ചോദിച്ചു.
വിചാരണക്കോടതിയില്‍ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തേണ്ടതുണ്ടെന്ന് വിചാരണക്കോടതി നിര്‍ദേശിച്ചത്. ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്.
പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് ഇത് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്. തനിക്കിത് കാണണമെന്ന് യാതൊരു ഉദ്ദേശവുമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍, അല്ലെങ്കില്‍ ഹാഷ് വാല്യൂ മാറിയതിന്റെ പേരില്‍ ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ലെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി.