അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമാകും; ശബരി പോര്‍ട്ടല്‍ പുറത്തിറക്കി

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിനെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് യാത്രയും സുരക്ഷയും കൂടുതല്‍ സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പോര്‍ട്ടല്‍ പുറത്തിറക്കി. ‘ശബരി പോര്‍ട്ടല്‍’ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഗതാഗത വിവരങ്ങള്‍, അടിയന്തര വൈദ്യസഹായം, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങി തീര്‍ത്ഥാടനത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഭക്തര്‍ക്ക് ഇനി ലഭ്യമാകും.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാനും പോര്‍ട്ടല്‍ സഹായിക്കുമെന്ന് മന്ത്രി ചുണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒറ്റക്ലിക്കില്‍ വിവരങ്ങള്‍ എല്ലാം അറിയാന്‍ സാധിക്കും.

തീര്‍ത്ഥാടന വേളയില്‍ കൂട്ടം തെറ്റി കാണാതായവരെ കണ്ടെത്താനും അയ്യപ്പ ഭക്തരുടെ നഷ്ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കാനും പോര്‍ട്ടലില്‍ പ്രത്യേക വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ദര്‍ശനത്തിനുള്ള കാത്തിരിപ്പ് സമയം, ദര്‍ശനം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങള്‍, ദര്‍ശന ഷെഡ്യൂള്‍, പമ്പ ത്രിവേണി സ്‌നാനഘട്ടത്തിലെ ജലനിരപ്പ്, സ്‌നാനഘട്ടം തുറന്നതോ അടച്ചതോ എന്ന വിവരം തുടങ്ങിയവയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകള്‍, മുന്നറിയിപ്പുകള്‍, തീര്‍ത്ഥാടകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, ട്രെക്കിങ് പാതകള്‍, ബസ്, ട്രെയിന്‍, ആശുപത്രി വിവരങ്ങള്‍ എന്നിവയും ഈ പോര്‍ട്ടലിലൂടെ ലഭ്യമാകും.

പരാതികള്‍ക്ക് ഫോട്ടോകള്‍ കൂടി ചേര്‍ക്കാനുള്ള സൗകര്യമുണ്ട്. പരാതി ലഭിക്കുന്നതുമുതല്‍ തുടര്‍നടപടികള്‍ വരെയുള്ള വിവരങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. sabariportaldcpta.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും പോര്‍ട്ടല്‍ ഉപയോഗിക്കാം. പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള ലിങ്കും ഇതില്‍ ലഭ്യമാണ്.

പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍, മെഡിക്കല്‍ സഹായകേന്ദ്രങ്ങള്‍, ആശുപത്രികള്‍, പൊലീസ് സേവനങ്ങള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങിയവയുടെ സ്ഥാനം ശബരി മാപ്പിലൂടെ തീര്‍ത്ഥാടകര്‍ക്ക് കണ്ടെത്താനാകും. മൊബൈലിലെ ലൊക്കേഷന്‍ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സൗകര്യങ്ങള്‍ തിരിച്ചറിയാനും ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്താനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!