നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലുള്ള നാൽപ്പത്തിമൂന്നുകാരന്റെ നില അതീവ ​ഗുരുതരം; രോ​ഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനൊരുങ്ങി ആരോ​ഗ്യ വകുപ്പ്

കോഴിക്കോട്: നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നാൽപത്തിമൂന്നുകാരന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ഐസലേഷൻ വാർഡിലാണ് രോ​ഗബാധിതൻ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്.

രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡിക്‌ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിധ്യത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അ‍ഞ്ചു പേരുടെ സാംപിൾ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രോഗ നിർണയത്തിനായി പരിശോധിക്കും.

യുവാവിന്റെ സാംപിൾ ഇന്നലെ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം ഇന്നു ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലും കോഴിക്കോടും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നാകും തുടർ നടപടികളിൽ തീരുമാനം എടുക്കുക. ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!