പല്ല് തേക്കാത്തവരാണോ നിങ്ങൾ ? കാത്തിരിക്കുന്നത് ഹെഡ് & നെക്ക് കാന്‍സര്‍,

ദിവസം രണ്ടുനേരം പല്ലു തേക്കുന്നവരാണ് പലരും. ചിലർക്ക് അത് ഒരു നേരം മാത്രമായിരിക്കും. പല്ല് തേക്കുന്നതും വായ വൃത്തിയാക്കുന്നതും നിര്‍ബന്ധമായ കാര്യമാണ്. അത് ചെയ്തില്ലെങ്കിൽ പല്ല് മാത്രമല്ല കേടാവുക, ചിലപ്പോൾ നിങ്ങളുടെ ജീവന് തന്നെ ആപത്തായ മറ്റ് അസുഖങ്ങളും വന്നു ചേർന്നേക്കാം. വായയുടെ ശുചിത്വമില്ലായ്മ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആണ് ഗവേഷകരുടെ കണ്ടുപിടുത്തം. ഇതുവഴി ഹെഡ് ആന്റ് നെക്ക് കാന്‍സറിന്റെ സാധ്യത കൂടുകയെന്ന് യു.എസ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ തന്നെയാണ് ഈ അര്‍ബുദത്തിന് കാരണമാകുന്നതെന്നും ശാസ്ത്രജ്ഞരുടെ കണ്ടെത്തലിലുണ്ട്. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൂടാനും വായയുടെ ശുചിത്വമില്ലായ്മ കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

‘വായയുടെ ശുചിത്വം നിലനിര്‍ത്തേണ്ടതിന്റെ മറ്റൊരു കാരണം കൂടിയാണ് ഞങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ദിവസവും പല്ല് തേക്കുന്നതും വായ വൃത്തിയാക്കുന്നതും ദന്തരോഗങ്ങളില്‍ നിന്ന് മാത്രമല്ല നിങ്ങളെ സംരക്ഷിക്കുക. ഹെഡ് ആന്റ് നെക്ക് കാന്‍സറില്‍ നിന്ന് കൂടി നിങ്ങളെ രക്ഷിക്കും.’-ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് ഹയെസ് വ്യക്തമാക്കുന്നു.

2040-ഓടെ ഇന്ത്യയില്‍ 2.1 മില്ല്യണ്‍ പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ നിരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 2020-ല്‍ നിന്ന് 57.5% വര്‍ദ്ധനവാണ് ഉണ്ടാകുക. ലോകത്ത് ഏറ്റവും കൂടുതല്‍ ഓറല്‍ കാവിറ്റി കാന്‍സര്‍ രോഗികളുള്ളതും ഇന്ത്യയിലാണ്. പുകയിലയുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണം. 80 മുതല്‍ 90 ശതമാനം ഓറല്‍ കാന്‍സറിനും കാരണം പുകയിലയാണ്.

എന്താണ് ഹെഡ് & നെക്ക് കാന്‍സര്‍?

തൊണ്ട, മൂക്ക്, ചെവി,വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

ഏതു ഭാഗത്താണ് കാന്‍സര്‍ എന്നതിനനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും.
നാക്ക്, കവിള്‍ എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകള്‍, മാറാത്ത പുണ്ണ്, മാറാത്ത തൊണ്ടവേദന, ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ ഉണ്ടാകുന്ന തടസ്സം, ശബ്ദത്തിലുള്ള വ്യത്യാസം, ശ്വാസമെടുക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം തരിപ്പില്‍ പോകുക, കഴുത്തില്‍ ഉണ്ടാകുന്ന മുഴകള്‍ ഇവയെല്ലാം രോഗലക്ഷണങ്ങള്‍ ആകാം.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാന വില്ലന്‍. പുകയില ഉത്പന്നങ്ങള്‍; ഉദാ: സിഗരറ്റ്, ബീഡി, വെറ്റിലമുറുക്ക് ഇവയുടെ എല്ലാം ഉപയോഗം ഹെഡ് & നെക്ക് കാന്‍സറിന്റെ കാരണങ്ങളില്‍ ഒന്നാമതാണ്. രണ്ടാമത്തെ പ്രധാന കാരണം മദ്യപാനമാണ്. പിന്നെ സാധാരണയായി കാണുന്ന ഒരു കാരണം മൂര്‍ച്ച കൂടിയ പല്ലുകളും അതിന്റെ ഫലമായി വായില്‍ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകളും ആണ്. (ദീര്‍ഘ കാലം നിലനില്‍ക്കുന്ന മുറിവുകള്‍ കാന്‍സര്‍ ആയി മാറാന്‍ സാധ്യത കൂടുതലാണ് ). ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന വൈറസ് ഹെഡ് & നെക്ക് കാന്‍സറിന്റെ ഒരു കാരണമായി പറയാറുണ്ട്. ഓറല്‍ സെക്‌സ് വഴി ഈ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

ഹെഡ് & നെക്ക് കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താന്‍ മുകളില്‍ പറഞ്ഞ റിസ്‌ക് ഫാക്ടറുകള്‍ (പുകവലി, മദ്യപാനം) ഉള്ളവരില്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ഓറല്‍ കാവിറ്റി പരിശോധന നടത്താറുണ്ട്. ഇങ്ങനെ ടെസ്റ്റുകള്‍ ചെയ്താല്‍ പലപ്പോഴും ഈ കാന്‍സര്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ കണ്ടുപിടിക്കാനും പരിപൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും. (eg: erythroplakia, leucoplakia, submucous fibrosis – precancerous conditions)

എങ്ങനെ രോഗനിര്‍ണ്ണയം നടത്താം?

പലപ്പോഴും പുറമേ കാണാന്‍ കഴിയുന്ന നീണ്ട കാലം നീണ്ടുനില്‍ക്കുന്ന പുണ്ണ് ബയോപ്‌സി പരിശോധന വഴി നടത്തിയാല്‍ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കും. തൊണ്ട, സ്വനപേടകം എന്നിവിടങ്ങളില്‍ ഉള്ള കാന്‍സര്‍ ലാറിങ്കോസ്‌കോപ്പി/ എന്‍ഡോസ്‌കോപ്പി ടെസ്റ്റുകള്‍ മുഖാന്തരം ബയോപ്‌സി ചെയ്യാറാണ് പതിവ്. കഴുത്തിലെ മുഴകളും ബയോപ്‌സിക്ക് വിധേയമാക്കാറുണ്ട്.

രോഗത്തിന്റെ സ്റ്റേജ് എങ്ങനെ മനസിലാക്കാം?

സ്റ്റേജ് നിര്‍ണ്ണയത്തിന് പലപ്പോഴും ക്ലിനിക്കല്‍ പരിശോധനകള്‍, സി.ടി.സ്‌കാന്‍, എം.ആര്‍ഐ. സ്‌കാന്‍, പെറ്റ് സി.ടി. എന്നീ പരിശോധനകള്‍ നടത്താറുണ്ട്.

എങ്ങനെ ചികിത്സിക്കാം?

സ്റ്റേജ് 1, 2 (പ്രാരംഭഘട്ടത്തില്‍) ഉള്ള അസുഖങ്ങള്‍ക്കു ഓപ്പറേഷന്‍ പറ്റുമെങ്കില്‍ ആദ്യം രോഗിയെ ഓപ്പറേഷന് വിധേയമാക്കും. തുടര്‍ചികിത്സയായി റേഡിയേഷന്‍, കീമോ തെറാപ്പി എന്നിവ വേണോ എന്നത് സര്‍ജറി നടത്തിയ ഭാഗത്തിന്റെ വിശദമായ പാത്തോളജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ്.

അതേസമയം 3 & 4 ഘട്ട ( advanced stage ) അസുഖമാണെങ്കില്‍ റേഡിയേഷനും കീമോ തെറാപ്പിയും കൂടിയുള്ള ചികിത്സ( combined modality treatment) ആണ് നടത്താറുള്ളത്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച അസുഖത്തിന് പാലിയേറ്റീവ് കീമോ തെറാപ്പി, ടാര്‍ഗറ്റ് തെറാപ്പി, ഇമ്യൂണോ തെറാപ്പി എന്നീ ചികിത്സ രീതികളും ലഭ്യമാണ്.

ഇത്തരം ചികിത്സാരീതികള്‍ നിശ്ചയിക്കുന്നത് ഒരു സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ( multi disciplinary tumor board). ഈ ടീമില്‍ ഹെഡ് & നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂക്ലിയര്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ചികിത്സാവിധി നിശ്ചയിക്കുന്നത്.

രോഗം എങ്ങനെ വരാതെ നോക്കാം?

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. മദ്യപാനം, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പരിപൂര്‍ണമായി ഉപേക്ഷിക്കുക എന്നുള്ളത് രോഗം വരാതെ നോക്കാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ്. അതുപോലെ മൂര്‍ച്ചയുള്ള പല്ലുകള്‍ ഒരു ഡെന്റിസ്റ്റിനെ കണ്ടു ശരിയാക്കണം.

ഹ്യുമന്‍ പാപ്പിലോമ വൈറസിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് രോഗം തടയാന്‍ സഹായിക്കും. അതുപോലെ തന്നെ ഹൈ റിസ്‌ക് ഗ്രൂപ്പ് ആളുകളില്‍ കാന്‍സര്‍ സ്‌ക്രീനിങ്ങും ഒരു പരിധി വരെ രോഗം നേരത്തേ കണ്ടുപിടിക്കാനും അതുവഴി കൃത്യമായി രോഗം ചികിത്സിച്ചു ഭേദമാക്കാനും സഹായിക്കും.

error: Content is protected !!