
newsdesk
പത്തനംതിട്ട∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു.
‘ഇത്തവണ നാനൂറിൽ അധികം..’ സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു. ഇത്തവണ കേരളത്തിൽ താമരവിരിയുമെന്ന് ഉറപ്പായെന്നും കേരളത്തിൽനിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽനിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്.
ഇവിടുത്തെ ജനങ്ങളെ ഇരു മുന്നണികളും കബളിപ്പിക്കുന്നു. ഇവർ സംസ്ഥാനങ്ങൾക്ക് എത്രമാത്രം നഷ്ടം നൽകിയെന്നു പരിശോധിച്ചാൽ മനസ്സിലാകും. അതുകൊണ്ടു തന്നെ ഇവരെ പുറത്താക്കിയ സംസ്ഥാനങ്ങൾ ഒന്നും തന്നെ അവരെ തിരികെ കൊണ്ടുവരുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസ് 1962ലാണ് അവസാനമായി തിരഞ്ഞെടുപ്പിൽ ജയിച്ചത്. യുപിയിലും ഗുജറാത്തിലും ബംഗാളിലും നാലു പതിറ്റാണ്ട് മുൻപാണ് കോണ്ഗ്രസിന്റെ അവസാന സർക്കാരുണ്ടായത്. ഒഡീഷയിൽ ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുൻപാണ് കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തായത്. രാജ്യത്ത് കോൺഗ്രസിന് ഒരു പാർലമെന്റ് അംഗം പോലുമില്ലാത്ത എത്രയോ സംസ്ഥാനങ്ങളുണ്ട്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന് എത്ര സീറ്റുണ്ടായിരുന്നതാണ്. ഇന്നാകട്ടെ അവടുത്തെ ജനങ്ങൾ അവരെ തിരിച്ചറിഞ്ഞിരിക്കുന്നു. അവരെ അധികാരത്തിൽനിന്നു തൂത്തെറിഞ്ഞു. ഇനി അവർക്ക് തിരികെ എത്താൻ കഴിയില്ല.
മലയാളികൾ പുരോഗമന ചിന്തയുള്ളവരാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും പ്രാചീനചിന്ത വച്ചു പുലർത്തുന്നവരാണ്. പത്തൊൻപതാം നൂറ്റാണ്ടിനെക്കാൾ പിന്നിലാണ് കോൺഗ്രസ് ചിന്തിക്കുന്നത്. എൽഡിഎഫ് ആകട്ടെ കാലഹരണപ്പെട്ട ഉപയോഗശൂന്യമായ ആശയം വച്ചുപുലർത്തുന്നവരാണ്. ഇവർക്ക് ഒരിക്കലും സാംസ്കാരികപരമായും പുരോഗമനപരമായും ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുന്നോട്ടു നയിക്കാനാകില്ല. മുത്തലാഖിനെതിരെ നിയമം വന്നപ്പോൾ അവർ ഒറ്റക്കെട്ടായി എതിർത്തു. ഒബിസി കമ്മിഷനെ പോലും എതിർത്തവരാണ് എൽഡിഎഫും യുഡിഎഫും. സാമ്പത്തികമായി ദുർബലമായി വിഭാഗങ്ങൾക്ക് സംവരണം നൽകാനായി വന്ന നിയമത്തെയും എതിർത്തു. അതാണ് ഇവിടെ എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്.
കേരളത്തിന്റെ സംസ്കാരം ആധ്യാത്മികതയുമായി ചേർന്നു നിൽക്കുന്നതാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും വിശ്വാസത്തെ തകർക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. കേരളത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാൽ എൽഡിഎഫും യുഡിഎഫും അക്രമരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതുപോലെ ഇരു മുന്നണികളും അഴിമതിയിൽ മുങ്ങിയവരാണ്. എൽഡിഎഫ് സ്വർണക്കൊള്ളയാണു നടത്തുന്നതെങ്കിൽ യുഡിഎഫ് സോളാർക്കൊള്ളയാണ് നടത്തുന്നത്. ഈ കൊള്ള അവസാനിപ്പിക്കണമെങ്കിൽ എനിക്ക് കേരളത്തിലെ ജനങ്ങളുടെ ആശീർവാദം വേണം.
ഇവിടുത്തെ അഴമതിനിറഞ്ഞ സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോഴും കേരളത്തിന്റെ പുരോഗതിക്കു വേണ്ടിയാണു കേന്ദ്രത്തിൽ ബിജെപി സർക്കാർ ശ്രമിക്കുന്നത്. പത്തനംതിട്ടയിൽ മാത്രം നിരവധി ജനക്ഷേമ പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കി. ഇവിടെ ഏതാണ് 3,50,000 കുടുംബങ്ങൾക്കു ജൽജീവൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ പൈപ്പുകൾ ഘടിപ്പിച്ചു നൽകി. ഏതാണ്ട് അഞ്ചു ലക്ഷം ജനങ്ങൾക്കു ഗരീബ് കല്യാൺ പദ്ധതിയുടെ അടിസ്ഥാനത്തിൽ സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. 1,50,000 കർഷകർക്കു കിസാൻ സമ്മാൻനിധിയുടെ അടിസ്ഥാനത്തിൽ 350 കോടി രൂപ നൽകി.
കേരളത്തിലെ ജനങ്ങളുടെ യഥാർഥ വികാരം കേന്ദ്ര സർക്കാരിൽ എത്തിക്കാൻ ഇവിടെനിന്ന് എംപിമാർ ഉണ്ടാകണം. കേരളത്തിൽനിന്ന് എംപിമാർ തിരഞ്ഞെടുക്കപ്പെട്ടാൽ ഇവിടുത്തെ വികസനം ദ്രുതഗതിയിലാകും. ഇതു മോദിയുടെ ഗ്യാരണ്ടിയാണ് . വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ കേരളത്തിൽനിന്നുള്ള പ്രവാസികളുടെ കഠിനാധ്വാനത്തെ കുറിച്ച് സംസാരിക്കാറുണ്ട്. കേരളത്തിന്റെ ബ്രാൻഡിങ് എല്ലായിടത്തും നടത്താറുണ്ട്. കാരണം കേരളം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാരതം 2022ൽ യുഎഇയുമായി വ്യാപാര കരാർ ഒപ്പുവച്ചിരുന്നു. അതുകൊണ്ടുള്ള കോടിക്കണക്കിന് രൂപയുടെ നേട്ടം അവിടെയുള്ള കേരളത്തിലെ യുവാക്കൾക്കാണ്.’’ – മോദി പറഞ്ഞു.
പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മോദി എത്തിയത്.