
Web Desk
ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട് ശരിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി. വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നിലപാടെന്നും ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാടിൽ തിരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനത്ത് വലിയ ചര്‍ച്ചാവിഷയമായ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അടുത്തിടെ മന്ത്രി കടകംപളളി സുരേന്ദ്രൻ നടത്തിയ അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയായിരുന്നു. ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാൽ കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും പാര്‍ട്ടിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഭാവിയിൽ നടപടികളുണ്ടാകുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.