
Web Desk
എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എ.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.താല്‍കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.സ്‌കൂളുകളില്‍ പി.ടി.എ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്‌മെന്റുകള്‍ വഴി നിയമിക്കുമ്പോള്‍ പി.ടി.എ നിയമിച്ചവരെ ഒഴിവാക്കുമെന്നും ശിവന്‍കുട്ടി വിശദീകരിച്ചു.എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് എ.കെ. ബാലന്‍ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന.വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും സി.പി.ഐ.എമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി ബാലകകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ നിമയനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തെ എതിര്‍ത്ത് എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.