ശബരിമലയിലേക്കുള്ള നെയ്യ് വീണ്ടും മിൽമയിൽ നിന്ന്; 10,000 ലിറ്റർ ആവശ്യപ്പെട്ടു, എത്തിക്കുന്നത് മിൽമയുടെ സ്വന്തം വാഹനത്തിൽ

തിരുവനന്തപുരം: ശബരിമല നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. 5,000 ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തിയത്. മുൻ വർഷം നെയ്യ് വഴിമദ്ധ്യേ മറിച്ചുവിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വഴിമദ്ധ്യേ മറിച്ചുവിറ്റ് പകരം ഗുണനിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനിൽക്കെയാണ് വീണ്ടും കരാർ. മിൽമയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചത്. എന്നാൽ, വന്നത് നെയ്യ് ക്രമേക്കേടില്‍ ആരോപണ വിധേയനായ തമിഴ്‌നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെൻഡർ തന്നെ ദേവസ്വം ബോർഡ് ഒഴിവാക്കി. പിന്നീട് വിളിച്ച ടെൻഡറിൽ മറ്റാരും വരാതായതോടെ മിൽമയെ തന്നെ ആശ്രയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.

10,000 ലിറ്റർ നെയ്യ് അടിയന്തരമായി നൽകാനാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ 5,000 ലിറ്റർ നെയ്യാണ് ഇന്ന് നൽകുന്നത്. ഫുഡ് സേഫ്‌റ്റി അടക്കമുള്ള ഗുണനിലവാര പരിശോധന കർശനമായി പൂർത്തിയാക്കിയാണ് നെയ്യ് കൈമാറുന്നത്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് തികയുമോ എന്ന് നോക്കിയശേഷം മാത്രമായിരിക്കും കൂടുതൽ നെയ്യ്‌ക്കായുള്ള കരാറിൽ ഏർപ്പെടുക. നെയ്യ് ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോർഡിനോട് മിൽമ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!