
Web Desk
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചെമ്പോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ല. ബെഹ്‌റ അവിടെ സന്ദര്‍ശിച്ചതിന് ശേഷമുണ്ടായ സംശയത്തെ തുടര്‍ന്നാണ് ഇന്റലിജന്‍സിനോട് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ അന്വേഷണം ഗൗരവമായി നടക്കുകയാണ്. അന്വേഷണത്തില്‍ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ട, ആദ്യമേ ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ നില്‍ക്കണ്ടെന്നും മോന്‍സന്‍ വിഷയത്തില്‍ പ്രതിപക്ഷ നിരയിലെ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.