
Web Desk
റോഡ് അപകടങ്ങളെ തുടര്‍ന്നുള്ള മരണങ്ങളുടെയും പരിക്കിന്റെയും കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്.ബി). 2020ല്‍ ഇന്ത്യയില്‍ നടന്ന റോഡ് അപകടത്തില്‍ 1.20 ലക്ഷം പേരാണ് മരണപ്പെട്ടത്. ദിവസവും ശരാശരി 327 പേരാണ് അപകടങ്ങള്‍ കാരണം മരണപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡിലെ ശ്രദ്ധക്കുറവ് മൂലം 3.92 ലക്ഷം പേരാണ് മരണപ്പെട്ടത്. 2019ല്‍ 1.36 ലക്ഷം പേരും 2018ല്‍ 1.35 ലക്ഷം പേരുമാണ് മരണപ്പെട്ടത്. വാഹനം ഇടിച്ചു കടന്ന് കളഞ്ഞതിനെ തുടര്‍ന്ന് 2018 മുതല്‍ 1.35 ലക്ഷം കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. 2019ല്‍ 47,504 കേസുകളും 2018ല്‍ 47,028 കേസുകളുമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശരാശരി ഒരോ ദിവസവും 112 കേസുകളാണ് വാഹനം ഇടിച്ചു കടന്ന് കളഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2020ല്‍ അലക്ഷ്യമായ ഡ്രൈവിങ്ങിനെ തുടര്‍ന്നും ശ്രദ്ധക്കുറവ് കാരണവും 1.30 ലക്ഷം പേര്‍ക്കാണ് പരിക്ക് പറ്റിയത്. 2019ല്‍ 1.60 ലക്ഷം പേര്‍ക്കും 2018ല്‍ 1.66 ലക്ഷം പേര്‍ക്കുമാണ് പരുക്ക് പറ്റിയത്.
2020ല്‍ ഗുരുതരമായ പരിക്ക് പറ്റിയത് 85,920 പേര്‍ക്കാണ്. 2019ല്‍ 1.12 ലക്ഷം പേര്‍ക്കും 2018ല്‍ 1.08 ലക്ഷവും പേര്‍ക്കുമായിരുന്നു റോഡപകടങ്ങളില്‍ ഗുരുതര പരിക്ക് പറ്റിയത്.