മുക്കത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Local News

മുക്കത്ത് നിരോധിത പുകയില ഉൽപ്പന്നമായ മൂവായിരത്തോളം പാക്കറ്റ് ഹാൻസുമായി അരീക്കോട് കാവന്നൂർ സ്വദേശി കൊടക്കാട്ട് ഇസ്ഹാഖ്നെ (34) മുക്കം പോലീസ് പിടികൂടി. മുക്കത്തും പരിസരപ്രദേശങ്ങളിലുമായി ചില്ലറ വിൽപ്പനക്കാർക്ക് നൽകാനായി രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലായി കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്ന ശേഖരമാണ് പോലീസ് പിടികൂടിയത്. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം ഇൻസ്‌പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവിൽ വെച്ചു രണ്ടു ചാക്കുകളിലായി സ്കൂട്ടറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉൽപ്പന്നം കർണാടകയിൽ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി കേരളത്തിലെത്തിച്ചു പത്തിരട്ടിയിലധികം രൂപയ്ക്കു വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.

നവംബർ മാസം സ്കൂളുകൾ തുറക്കാൻ ഒരുങ്ങുന്നതിനിടെ കോഴിക്കോട് റൂറൽ ജില്ലയിലുട നീളം ലഹരി വസ്തുക്കൾ കടത്തുന്നതും വിൽപ്പന നടത്തുന്നതും കണ്ടെത്തി പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് IPS നിർദേശം നൽകിയതിന്റെ ഭാഗമായി വാഹനം പരിശോധന ശക്തമാക്കിയതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി ഓടത്തെരുവിൽ വെച്ചു നിരോധിത പുകയില ഉൽപ്പന്നത്തിന്റെ വൻ ശേഖരം മുക്കം പോലീസ് പിടികൂടിയത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് കർണാടകയിൽ നിന്നും കേരളത്തിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്നയാളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായും ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിനു വേണ്ട ശക്തമായ നടപടി തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്നും മുക്കം ഇൻസ്‌പെക്ടർ കെ. പി. അഭിലാഷ് പറഞ്ഞു. മുക്കം ഇൻസ്‌പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ മുക്കം എസ്.ഐ സജിത്ത് സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ്, സിവിൽ പോലീസ് ഓഫീസർ മാരായ ഷെഫീഖ് നീലിയാനിക്കൽ, സിംജിത്ത് പിലാശ്ശേരി, നവഗീത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!