കോഴിക്കോട്, ചെറുവണ്ണൂർ കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം : ശരീരത്തിൽ തീപടർന്നതോടെ രജിൻ തോട്ടിലേക്ക് ചാടി; അപകടസമയം സോന പിൻസീറ്റിൽ കിടക്കുകയായിരുന്നു

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ദൃക്‌സാക്ഷികൾ. കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആറുമാസം ഗർഭിണിയായിരുന്ന സോനയെ പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ കാണിച്ചശേഷം മടങ്ങവെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കാറിൽ നിന്ന് തീയും പുകയും ഉയർന്നതോടെ പെട്ടെന്ന് വണ്ടിനിർത്തി രജിൻ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീപടർന്നു. ഈ സമയം സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. രജിൻലാൽ സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായിരുന്നു.

ദേഹത്ത് തീആളിപ്പടർന്ന രജിൻ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി.കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തൊട്ടടുത്ത വയലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ ശ്രീനിവാസൻ, വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരൻ – സോനു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!