മുട്ടുമടക്കി പ്രഫുല്‍ പട്ടേല്‍; ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു

News Desk

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ ആരംഭിച്ച ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു. അഡ്മിനിസ്‌ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ഭൂവുടുമകളെ അറിയിക്കാതെ സ്വകാര്യ ഭൂമി ഏറ്റെടുത്തതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

കവരത്തിയിലെ ഇരുപതോളം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളാണ് ഏറ്റെടുത്തിരുന്നത്. കൊടികള്‍ കണ്ടപ്പോഴാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്ന് സ്ഥലം ഉടമകള്‍ പറഞ്ഞിരുന്നു. എന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് പ്രദേശവാസികളില്‍ ആരെയും അറിയിച്ചിരുന്നില്ല.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍.ഡി.എ.ആറിന്റെ കരടു രൂപരേഖ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിലായിരുന്നു പുതിയ നിയമം.

പുതിയ പരിഷ്‌കാരങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിരുന്നു. നടപടികള്‍ എത്രയും വേഗം ആരംഭിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അഗത്തിയില്‍ മാത്രം നിരവധി കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. ശുചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

error: Content is protected !!