പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിച്ചു തുടങ്ങാം ; സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്താകെ നാലുലക്ഷത്തി എഴുപത്തിനാലായിരം സീറ്റുകള്‍ ഉണ്ടെന്നും സീറ്റു ക്ഷാമം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചത് നാലുലക്ഷത്തി ഇരുപത്തിനാലായിരം പേരാണ്.

എല്ലാ വര്‍ഷവും പ്ലസ് വണ്‍ പ്രവേശന സമയത്ത് സീറ്റിനായി പരക്കം പായുന്ന കുട്ടികളെയും രക്ഷിതാക്കളെയും കാണാം. മലപ്പുറവും കോഴിക്കോടുമുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് സ്ഥിതി രൂക്ഷമാകുക. എന്നാല്‍ ഇത്തവണ സംസ്ഥാനതലത്തില്‍ 50,334 സീറ്റുകള്‍ അധികമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അവകാശവാദം. ഹയര്‍സെക്കന്‍ഡറി–വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും ചേര്‍ന്ന് ആകെ 4,74,917 സീറ്റുകളാണുള്ളത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 4,24,583 പേരാണ്. അപ്പോള്‍ വിജയം നേടിയവരുടെ എണ്ണത്തെക്കാളും സീറ്റുകളുണ്ട്.

ഇതിനും പുറമെ 71419 സീറ്റുകളാണ് ഐടിഎയിലും പോളിടെക്നിക്കുകളിലുമായുള്ളത്. ഇത്തവണ സീറ്റു ക്ഷാമം ഉണ്ടായേക്കുമോ എന്ന് സംശയിക്കുന്ന ഏഴുജില്ലകളില്‍ 30 ശതമാനം മാര്‍ജിനല്‍ സീറ്റുവര്‍ധന നല്‍കിയിട്ടുണ്ട്. കൂടാതെ 2022 മുതല്‍ അനുവദിച്ച അധിക ബാച്ചുകളും മറ്റുജില്ലകളില്‍ നിന്ന് മാറ്റിക്കൊണ്ടുവന്ന ബാച്ചുകളും നിലനിറുത്തുകയും ചെയ്യുമെന്നാണ് വിദ്യാഭ്യാസ വകുപ്പു നല്‍കുന്ന ഉറപ്പ്.

ഇതെല്ലാം ഉള്ളപ്പോഴും കുട്ടികള്‍ സീറ്റിനായി നെട്ടോട്ടമോടുമോ എന്ന ചോദ്യമാണുയരുന്നത്. 61,449 പേര്‍ക്കാണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിനും എ പ്ലസ് കിട്ടിയത്. ഇവര്‍ക്കെങ്കിലും ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ തൊട്ടടുത്തുള്ള സ്കൂളില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

error: Content is protected !!