
newsdesk
തിരുവനന്തപുരം: സ്വർണക്കടത്തും ഹവാല പണം കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊലീസ് സ്വീകരിച്ച നടപടിയിലെ അസ്വാരസ്യങ്ങളാണ് സിപിഎം-ആർഎസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്ത് കോടികളുടെ ഹവാല പണം പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ദ ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആർഎസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്
ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം എന്നും ആർഎസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളിൽ പലർക്കും അവർക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കള്ളക്കഥകൾ ആർക്കും വിശ്വസിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങൾ നാം മനസിലാക്കണം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്.ഏറെക്കാലമായി ഈ സമുദായങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ അത് മാറി. ന്യൂനപക്ഷം ഇപ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പിൽ ഞങ്ങളെ ബാധിക്കുമെന്ന് അറിയാവുന്ന യുഡിഎഫ് ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഇതൊക്കെ. ആർഎസ്എസിനോട് ഞങ്ങൾ മൃദുസമീപനം പുലർത്തുന്നു എന്ന വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഈ പ്രചരണം. വർഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ സർക്കാർ മുസ്ലീം തീവ്രവാദ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ, ഞങ്ങൾ മുസ്ലിങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ ശക്തികൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു.
ഒരു ഉദാഹരണം പറഞ്ഞാൽ, മലപ്പുറത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസ് സേന പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വർണവും ഹവാല പണവുമാണ്. രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഈ പണം കേരളത്തിൽ എത്തുന്നു. അൻവറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ അന്വേഷിക്കാൻ ഞങ്ങൾ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു കഴിഞ്ഞു’. മുഖ്യമന്ത്രി പറഞ്ഞു .