പി.വി. അൻവറിന്റെ ഭൂമി ഏറ്റെടുക്കൽ; നിയമനടപടികൾ തുടരും

newsdesk

കോഴിക്കോട് : പി.വി. അൻവർ എം.എൽ.എ കൈവശം വച്ച അധിക ഭൂമി 6.24 ഏക്കർ സർക്കാരിന് സ്വമേധയാനൽകണമെന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിൽ നിയമ നടപടികൾ തുടരും. ഇതിനെതിരെ പി.വി. അൻവർ നിയമനടപടികളിലേക്ക് കടന്നേക്കും. പരാതിക്കാരൻ നൽകിയ രേഖകൾ മാത്രം പരിഗണിച്ചാണ് ഉത്തരവെന്നും ഇത് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും വിലിയിരുത്തലുണ്ട്. അതേസമയം കഴിഞ്ഞ സിറ്റിംഗിൽ സമർപ്പിച്ച റിപ്പോർട്ടിൽ 15 ഏക്കറോളം ഭൂമി കണ്ടുകെട്ടാമെന്ന പരാമർശം ഉണ്ടായിട്ടും 6.24 ഏക്കറിലേക്ക് മാത്രമായി നടപടി ചുരുങ്ങിയതിനെതിരെ പരാതിക്കാരും നിയമനടപടികളിലേക്ക് നീങ്ങും.

ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്ററുമായ കെ.വി. ഷാജിയുടെ ഹർജിയിലാണ് നടപടി.അധിക ഭൂമി കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ട ഭൂമിയുടെ പട്ടിക നൽകാൻ ലാൻഡ് ബോർഡ് പി.വി. അൻവറിന് നൽകിയ നിർദ്ദേശം പാലിച്ചിരുന്നില്ല. കക്കാടംപൊയിലിലെ പി.വി.ആർ എന്റർടെയിൻമെന്റ്‌സ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി നിയമം മറികടക്കാനാണെന്ന് കണ്ടെത്തിയിരുന്നു. അൻവറിന്റെ പക്കലുള്ള 27.23 ഏക്കറിൽ 15 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്നും നിരീക്ഷണമുണ്ടായിരുന്നു. ബിനാമികളുടേത് ഉൾപ്പെടെ 50.49 ഏക്കർ ഭൂമിയുടെ രേഖകളാണ് പരാതിക്കാരൻ ഹാജരാക്കിയത്. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചതിനാൽ അൻവറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലായ് 19ന് സംസ്ഥാന ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്തതോടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ഈ കേസിൽ അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ആറു മാസത്തിനകം പൂർത്തീകരിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ആദ്യ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതോടെ വീണ്ടു കോടതിയലക്ഷ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ മിച്ച ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ കോടതി അനുവദിച്ച സമയപരിധികഴിഞ്ഞ് ഒന്നരവർഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി തീർപ്പാക്കിയിരുന്ന കോടതി അലക്ഷ്യ കേസ് പുനരാരംഭിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയിൽ ഉപാധിരഹിതമായ മാപ്പപേക്ഷയോടൊപ്പം മൂന്നു മാസത്തിനകം നടപടികൾ പൂർത്തിയാക്കാമെന്ന് സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാരും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹൈക്കോടതി കേസ് 18ന് പരിഗണിക്കും.

error: Content is protected !!