അലർജിക്ക് കുത്തിവയ്പ്: യുവതി മരിച്ചതിൽ അന്വേഷണം തുടങ്ങി; ഡോക്ടറെ ചോദ്യം ചെയ്തു

Web Desk

അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ‍
കഴുത്തിലും കയ്യിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് 25ന് വൈകിട്ട് നാലോടെയാണ് ഹസ്നയെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് അലർജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നൽകി. കുത്തിവയ്പെടുത്ത് 10 മിനിറ്റിനുള്ളിൽ അബോധാവസ്ഥയിലായ ഹസ്നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.

error: Content is protected !!