
Web Desk
നീന്തൽ പഠിച്ചവർക്ക് പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മരിച്ചിരുന്നു. ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി. ഷാജി (50), മകൻ കെ.വി. ജ്യോതിരാദിത്യൻ (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പന്നിയോട്ട് കരിയിൽ പൊതുകുളത്തിലാണ് സംഭവം. പരിശീലനത്തിനിടെ മുങ്ങിപ്പോയ മകനെ ഷാജി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോയെന്നാണ് പൊലീസ് നിഗമനം. കുളക്കരയിൽ ചെരിപ്പും വാഹനവും കണ്ടതിനെ തുടർന്ന് സംശയംതോന്നി പരിസരവാസി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉന്നത വിദ്യാഭ്യാസത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി ഇവർ പരിശീലനം നടത്തിയതെന്നാണ് വിവരം. പ്ലസ് വൺ പ്രവേശനത്തിന് നീന്തലിലെ ബോണസ് പോയന്റിനായി കുറച്ചുദിവസങ്ങളായി ജ്യോതിരാദിത്യൻ പരിശീലനം നടത്താറുണ്ടായിരുന്നും എന്നാൽ ഇന്നലെ പരിശീലകൻ വരാതിരുന്നത് മൂലം പിതാവ് മകനെയും കൊണ്ട് കുളത്തിലിറങ്ങുകയായിരുന്നു.