
ONAM SPECIAL
മുക്കം: ഓണക്കാലമായൽ മലയാളിയുടെ പൂക്കളങ്ങളിൽ നിറയുന്നത് ഇതര സംസ്ഥാന പൂക്കളാണ്. എന്നാൽ ഈ ഓണക്കാലത്ത് മലയോരത്തിന്റെ പൂ വിപണിയിലേക്ക് മല്ലിക പൂ എത്തിക്കാനുള്ള ശ്രമത്തിലാണ് തേക്കുംകുറ്റി സ്വദേശി ടി. ജെ. സണ്ണി എന്ന റിട്ടയേർഡ് അധ്യാപകൻ.
പൂക്കളം തീർക്കുന്നതിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന നാടൻ പൂവുകൾ ഗ്രാമങ്ങളിൽ അന്യമായതോടെ എല്ലാവരും ആശ്രയിക്കുന്ന അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പൂക്കൾ നമ്മുടെ പ്രദേശത്തും നല്ല രീതിയിൽ വിളയിച്ചെടുക്കാമെന്നു തന്റെ അദ്ധ്വാനത്തിലൂടെ തെളിയിക്കുക കൂടിയാണ് ചെറുപ്പം മുതലേ കൃഷിയെ സ്നേഹിക്കുന്ന ഇദ്ദേഹം . തന്റെ വിശാലമായ വാഴത്തോട്ടത്തിനിടയിലാണ് സണ്ണി മാസ്റ്റർ മല്ലിക പൂക്കളുടെ വസന്തം വിരിയിക്കുന്നത്.
സാധാരണ വാഴ തോട്ടങ്ങളിൽ പച്ചക്കറികളും, കിഴങ്ങു വർഗങ്ങളുമൊക്കെയാണ് എല്ലാവരും ഇടവിളയായി കൃഷി ചെയ്യാറുള്ളത്. എന്നാൽ അതിനു പകരം പൂ കൃഷി ചെയ്യുന്നതിന് സണ്ണി മാസ്റ്റർക്ക് രണ്ടു കാരണങ്ങൾ പറയാനുണ്ട്. പച്ചക്കറി കൃഷിക്ക് പരിചരണം ഏറെ ആവശ്യമാണന്നും കീടബാധ ഉൾപ്പെടെ വലിയ പ്രശ്നമാണന്നും ഇദ്ധേഹം പറയുന്നു. മാത്രമല്ല വാഴയുടെ വേര് നശിപ്പിക്കുന്ന നീമ വിരയെ മല്ലിക ചെടികൾ പ്രതിരോധിക്കുമെന്നും ഇദ്ധേഹം പറയുന്നു.
അമ്മയും, ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തിനും ഈ കാർഷിക പ്രവർത്തി ഏറെ ഇഷ്ടമാണെന്നും മാസ്റ്റർ പറയുന്നു.

45 ദിവസങ്ങൾ കൊണ്ട് വിളവെടുക്കാവുന്ന, നിലവിൽ മാർക്കെറ്റിൽ കിലോക്ക് 150 രൂപ വില ലഭിക്കുന്ന ഈ മല്ലിക പൂവിന്റെ തൈകൾ ഇത്തവണ ഇദ്ദേഹം ബംഗളൂരുവിൽ നിന്നെത്തിച്ചതാണെങ്കിലും, വരും വർഷം തൈകൾ ഇവിടെ തന്നെ വികസിപ്പിച്ചെടുക്കാനും, കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനും തന്നെയാണ്, വിശ്രമ ജീവിത കാലത്ത് മണ്ണിലെ അധ്വാനത്തിന് വലിയ വില കൽപ്പിക്കുന്ന തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലെ ഈ മുൻ അധ്യാപകന്റെ തീരുമാനം .