
newsdesk
ഓമശ്ശേരി: ശക്തമായ മഴയിലും കാറ്റിലും ചക്ക വീണ് കെ.എസ്.ഇ.ബി. ലൈൻ പൊട്ടി വീണുണ്ടായ അപകടത്തിൽ അഞ്ച് കുറുക്കന്മാർ (കുറുനരി) ഷോക്കേറ്റ് ചത്തു. ഇന്ന് പുലർച്ചെ ഓമശ്ശേരി പഞ്ചായത്തിലെ ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട് ആണ് സംഭവം. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന വഴിയിലായതിനാൽ നേരം പുലർന്നതിനു ശേഷമാണ് വലിയൊരു ദുരന്തം ഒഴിവായ സംഭവം നാട്ടുകാർ അറിയുന്നത്.
ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് പ്ലാവിൽ നിന്നും ചക്ക പൊട്ടി വീണ് വൈദ്യുതി ലൈൻ തകർന്നത്. പൊട്ടി വീണ ലൈൻ നേരെ കിടന്നത് വഴിയിലെ ഒരു ചെറിയ വെള്ളക്കെട്ടിലേക്കായിരുന്നു. ഈ വെള്ളക്കെട്ടിലിറങ്ങിയ അഞ്ച് കുറുക്കന്മാരാണ് കറന്റ് അടിച്ച് തൽക്ഷണം ചത്തത്.
രാത്രിയിൽ കുറുക്കന്മാരുടെ അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നെങ്കിലും, പ്രദേശത്ത് സാധാരണയായി കുറുക്കന്മാരുടെ ശബ്ദം കേൾക്കാറുള്ളതിനാൽ വീട്ടുകാർ ഇത് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ വന്നു നോക്കിയപ്പോഴാണ് അഞ്ച് കുറുക്കന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്.
അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ സമീപത്തെ വീട്ടിലെ റഹീസ് എന്ന യുവാവ് വേഗത്തിൽ കെ.എസ്.ഇ.ബി ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി മെയിൻ സ്വിച്ച് ഊരിയതിനാലാണ് രാവിലെ ഈ വഴിയിലൂടെ നടന്നുപോകേണ്ടിയിരുന്ന നാട്ടുകാരും കുട്ടികളും വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കെ.എസ്.ഇ.ബിയുടെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടൽ മൂലം പ്രദേശത്ത് വൻ ദുരന്തമാണ് ഒഴിവായത്.