
Web Desk
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഎം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പട്ടയത്തിന്‍റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് സി.പി.എം നേതാവ് എം.എം.മണി എംഎല്‍എ രംഗത്തെത്തി. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണെന്നും അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് നിയമപരമായി നേരിടാമെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു.”