newsdesk
കട്ടാങ്ങൽ∙ മലയമ്മ റോഡിൽ എൻഐടി ഈസ്റ്റ് ക്യാംപസിനു സമീപം റോഡരികിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടഭീഷണിയും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നതായി പരാതി. വിസ്തൃതി കുറഞ്ഞ റോഡിൽ ഇതോടെ വലിയ വാഹനങ്ങൾ വരുമ്പോൾ എതിരെ വരുന്ന വാഹനം ഒതുക്കി നിർത്തിക്കൊടുക്കേണ്ട അവസ്ഥയാണ്.
കെമിക്കൽ എൻജിനീയറിങ്, സയൻസ്, ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളാണ് ഈസ്റ്റ് ക്യാംപസിൽ ഉള്ളത്. ഇവിടേക്ക് എത്തുന്ന വിദ്യാർഥികളുടെയും മറ്റും വാഹനങ്ങളാണ് തിരക്കേറിയ റോഡരികിൽ പാർക്ക് ചെയ്യുന്നത്.
ക്യാംപസിൽ ഗേറ്റ് കഴിഞ്ഞ ശേഷവും ഒഴിഞ്ഞ സ്ഥലം ധാരാളം ഉള്ളതിനാൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും വാഹനം പാർക്ക് ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയാൽ റോഡരികിൽ വാഹനം നിർത്തുന്നതു മൂലമുള്ള പ്രശ്നം പരിഹരിക്കാനാകും.
കട്ടാങ്ങൽ അങ്ങാടിക്കു സമീപം ചാത്തമംഗലം റോഡിൽ മെഗാ ഹോസ്റ്റലിനു സമീപവും മീറ്ററുകളോളം ദൂരത്തിൽ എൻഐടി വിദ്യാർഥികളുടെ വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം കട്ടാങ്ങൽ അങ്ങാടിയിൽ വാഹനം പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.
എൻഐടി വിദ്യാർഥികളുടെ വാഹനങ്ങൾ ക്യാംപസിൽ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് നേരത്തേ വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുന്നമംഗലം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.