
newsdesk
വടകര: നിപ ബാധിച്ച് രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധര്‍.അതേസമയം രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്.
അതിനിടെ രണ്ടുപേര്‍ക്ക് നിപ ബാധയുണ്ടായത് വ്യത്യസ്ത ഇടങ്ങളില്നിന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ രണ്ട് വിദഗ്ധധ സംഘം ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മരുതോങ്കരയിലെയും ആയഞ്ചേരിയിലെയും വീടുകളിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു.
മുഹമ്മദിന്റെ വീട്, തറവാടുവീട്, പുഴയോരത്തെ തോട്ടം എന്നിവ സന്ദര്‍ശിച്ചു. തോട്ടത്തില്‍ ഉള്‍പ്പെടെ വവ്വാല്സാന്നിധ്യം കൂടിയതോതില്‍ ഉള്ളതായി കണ്ടെത്തി. വാഴയും ഈന്തിന്റെ മരങ്ങളുമുണ്ട്. വീട്ടിലും തറവാട്ടുവീട്ടുവളപ്പിലുമെല്ലാം സപ്പോട്ട, ആപ്പിള്‍ചാമ്പ, റമ്പൂട്ടാന്‍, പപ്പായ തുടങ്ങിയ പഴവര്‍ഗങ്ങളുണ്ട്. വവ്വാല് കടിച്ച അടയ്ക്ക, വാഴക്കൂമ്പ്, പപ്പായ, ആപ്പിള്‍ചാമ്പ എന്നിവ സംഘം ശേഖരിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താന്‍ ഇവ പരിശോധനയ്ക്ക് അയക്കും. കോഴിക്കോട് ഡി.എം.ഒയിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ജോയി തോമസ്, കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ ഡോ. ടോം, ഡോ. ഹാബിയ, ഡോ. അമൃത എന്നിവരാണ് ഇവിടെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.
മരിച്ച മുഹമ്മദലിയുടെ കുടുംബം വകയായുള്ള കവുങ്ങിന്‍തോട്ടവും സംഘം പരിശോധിച്ചു. പനി വരുന്നതിനുമുന്പ് കാവിലുമ്പാാറ പഞ്ചായത്തിലെ തെങ്ങിന്‍തോട്ടത്തിലും ഇയാള്‍ പോയിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിരുന്നു. കള്ളാടിലെ അമാന ആശുപത്രിയും തൊട്ടില്‍പ്പാലത്തെ ഇക്ര ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ സാംക്രമിക രോഗനിയന്ത്രണ കോഓഡിനേറ്റര്‍ ഡോ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആയഞ്ചേരിയിലെ വീട്ടില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചത്. വീട്ടുപറമ്പിലും പരിസരത്തുമുള്ള അടക്കയില്‍ വവ്വാലുകളുടെ ഉമിനീര് കലര്‍ന്നതായാണ് കരുതുന്നത്. ഇത് സംഘം ശേഖരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിനുള്ള വവ്വാലുകള്‍ ഇവിടങ്ങളില്‍ ഉണ്ടാകാനിടയുണ്ടെന്ന നിഗമനത്തിലാണ് സംഘം.
രോഗം ബാധിച്ച് മരിച്ച രണ്ടുപേരും തമ്മില്‍ പരിചയം നടിക്കുന്നതായി ആശുപത്രി ദൃശ്യങ്ങളില്‍ കാണുന്നില്ല. രോഗിയായതിനാല്‍ പുറത്തുനിന്ന് ബന്ധപ്പെടാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ഉറവിടമാണെന്ന നിഗമനത്തിലായിരുന്നു പരിശോധന. വിദഗ്ധ സംഘം ശേഖരിച്ച സാമ്പിിളുകള് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കും. രണ്ടിടത്തും രണ്ട് വ്യത്യസ്ത സംഘങ്ങളാണ് പരിശോധന നടത്തിയത്.
മരത്തില്‍നിന്ന് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കരുതെന്നും വീണുകിടക്കുന്ന അടക്ക ഗ്ലൗസ് ഉപയോഗിച്ച് മാത്രമേ ശേഖരിക്കാവൂ എന്നും എല്ലാ വീട്ടുകാരോടും സംഘം നിര്‍ദേശിച്ചു.