
newsdesk
നിലമ്പൂർ ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തു നിൽക്കേണ്ടെന്നും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്ത് തല കൺവൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു. ബൂത്ത് കൺവീനർമാർ, ചെയർമാൻമാർ, പഞ്ചായത്ത് തല ഭാരവാഹികൾ തുടങ്ങിയവരാണ് കൺവൻഷനുകളിൽ പങ്കെടുക്കുന്നത്. ഇന്ന് എടക്കര, വഴിക്കടവ്, പോത്തുകല്ല് 30ന് മൂത്തേടം, കരുളായി, മേയ് 1ന് അമരമ്പലം, നിലമ്പൂർ എന്നിവിടങ്ങളിലും കൺവൻഷനുകൾ നടക്കും.
എൽഡിഎഫിന്റെ നിയോജക മണ്ഡലം കൺവൻഷൻ 30ന് നിലമ്പൂരിൽ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എന്നിവർ പങ്കെടുക്കും. തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുള്ള 256 ഏരിയ കമ്മിറ്റി അംഗങ്ങൾ കൺവൻഷനിൽ പങ്കെടുക്കും. പഞ്ചായത്ത്, ബൂത്ത്തല കൺവൻഷനുകൾക്കും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കും രൂപം നൽകും.
എൻഡിഎ മുന്നണി ഇതുവരെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നിട്ടില്ല. പ്രഖ്യാപനം വന്നാലുടൻ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. മത്സര രംഗത്തുണ്ടാവില്ലെന്ന തരത്തിലുള്ള പ്രചാരണം നേതാക്കൾ തള്ളി.