
newsdesk
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഇതിൽ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയെ (ഭവന പദ്ധതി) കുറിച്ചു ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന മദ്ധ്യവർഗത്തിലെ അർഹരായ വിഭാഗത്തിന് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിക്ക് കീഴിൽ 30 ദശലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. 2024-25 വർഷത്തേക്കുള്ള പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 79,590 കോടി രൂപയിൽ നിന്ന് 80,671കോടി രൂപയായി സർക്കാർ വർദ്ധിപ്പിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.അതേസമയം, ഒരു കോടി വീടുകൾക്ക് സോളാർ പാനൽ വച്ച് നൽകുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതിയും ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉപയോക്തക്കൾക്ക് പ്രതിവർഷം 15000-18000രൂപ വരെ വെെദ്യുതി ബില്ലിൽ ലാഭിക്കാൻ കഴിയുമെന്നാണ് വിവരം. ഈ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനൽ വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഒരു വലിയ ക്യാമ്പയിൻ ആരംഭിക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിലൂടെ 300 യൂണിറ്റ് വെെദ്യുതി ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഒരു കോടിയിൽ കൂടുതൽ വീടുകൾക്ക് സോളാർ സ്ഥാപിക്കാനാണ് പദ്ധതി. വെെദ്യുതി ബില്ല് കുറയ്ക്കുന്നതിന് ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരും ഇടത്തരം കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ പദ്ധതി.