യുവാവിന്റെ മൃതദേഹം വീട്ടിൽ ജീർണ്ണിച്ച നിലയിൽ ; കൊലപാതകമെന്ന് പൊലീസ്

പത്തനംതിട്ട : മൂഴിയാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യാ സഹോദരൻ മഹേഷിനെ അറസ്റ്റ് ചെയ്തു. കാരക്കൽ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അജിയെ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ മഹേഷിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. വനമേഖലയോട് ചേർന്നാണ് മരിച്ച അജിയുടെ വീട്. ഈ വീട്ടിൽ ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനാണ്. ഭാര്യയും മക്കളും കുറച്ചകലെ വേറൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യപിച്ചശേഷം അജിയും മഹേഷും തമ്മിൽ മുമ്പും ബഹളങ്ങളുണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!