വീട്ടുമുറ്റത്ത് വിസ്മയമായി ‘നങ്കടാക്’;മുക്കം കാരശ്ശേരിയിലെ മാങ്ങാപ്രാന്തന്റെ പറമ്പിൽ ഇനി തായ്‌ലൻഡ് ചക്കയുടെ മധുരം!

മലയോര മണ്ണിൽ ഇനി തായ്‌ലൻഡിൻ്റെയും ഇന്തോനേഷ്യയുടെയും മധുരം. കത്തി പോലും തൊടാതെ, വെറും കൈകൊണ്ട് തൊലിപൊളിച്ച് കഴിക്കാൻ പറ്റുന്ന അപൂർവ്വയിനം ചക്ക ‘നങ്കടാക്’ സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത് വിസ്മയമാവുകയാണ് ഒരു കർഷകൻ. മുൻപ് ഒരൊറ്റ മാവിൽ എൺപതോളം ഇനം മാങ്ങകൾ ഒട്ടിച്ചുചേർത്ത് വിജയഗാഥ രചിച്ച, നാട്ടുക്കാർ സ്നേഹത്തോടെ ‘മാങ്ങാപ്രാന്തൻ’എന്ന് വിളിക്കുന്ന കാരശ്ശേരി സ്വദേശി അബ്ദു പൊയിലിലാണ് ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ.

അപൂർവ്വങ്ങളായ പഴവർഗ്ഗങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് അബ്ദു പൊയിലിലിന്റെ വീടും പരിസരവും. ഇല്ലാത്ത കൃഷികൾ ഇവിടെയില്ല എന്ന് തന്നെ പറയാം. ആ ഫലസമൃദ്ധിയിലേക്കാണ് ഇപ്പോൾ മലേഷ്യൻ സ്വദേശിയായ ‘നങ്കടാക്’ പ്ലാവും വിരുന്നെത്തിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് നട്ട ഈ പ്ലാവ് ഇപ്പോൾ നിറയെ കായ്ച്ചു നിൽക്കുകയാണ്.

“സാധാരണ നമ്മുടെ നാട്ടിലെ ചക്കയൊക്കെ വെട്ടണമെങ്കിൽ കത്തിയും വേണം, കയ്യിൽ എണ്ണയും പുരട്ടണം. പക്ഷേ ഈ നങ്കടാക്കിന് അതിന്റെയൊന്നും ആവശ്യമില്ല. നല്ല പഴുത്തുകഴിഞ്ഞാൽ കയ്യിലെടുത്ത് ഒരു തൊണ്ട് പൊളിക്കുന്ന സുഖത്തിൽ ഇതിന്റെ തൊലി ഇങ്ങനെ പൊളിച്ചെടുക്കാം. നല്ല തേൻ മധുരമാണ്. നമ്മുടെ വീട്ടിൽ വരുന്നവർക്കൊക്കെ ഇത് വലിയ അത്ഭുതമാണ്. കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. മൂന്ന് വർഷം കൊണ്ടാണ് ഇത് കായ്ച്ചത്.” എന്നും അബ്ദു പറഞ്ഞു

വലിപ്പത്തിൽ ചെറുതാണെങ്കിലും മധുരത്തിലും ഗുണത്തിലും ഇവൻ പുലിയാണ്. പശ ഒട്ടുമില്ലാതെ കൈകൊണ്ട് തന്നെ പെട്ടെന്ന് ചുളകൾ വേർതിരിച്ചെടുക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായി മാറുകയാണ് ഈ വിദേശി ചക്ക.

മാവിലും പ്ലാവിലും മാത്രമല്ല, മണ്ണറിഞ്ഞ് സ്നേഹത്തോടെ പരിചരിച്ചാൽ ഏത് വിദേശ പഴവും നമ്മുടെ മലയോര മണ്ണിൽ പൊന്നുവിളയിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് അബ്ദു പൊയിലിൽ എന്ന ഈ മാതൃകാ കർഷകൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!