
newsdesk
മുക്കം: വിദ്യാർത്ഥികളിൽ സർഗ്ഗാത്മക കഴിവുകളും ഡിജിറ്റൽ സാങ്കേതിക അറിവുകളും വളർത്തുന്നതിനായി മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ (ED Club) ആഭിമുഖ്യത്തിൽ ‘ഡിജിറ്റൽ ഫോട്ടോഗ്രഫി, ന്യൂസ് ആൻഡ് റീൽസ് മേക്കിംഗ്’ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തിയത്.
പാഠപുസ്തക പഠനത്തോടൊപ്പം പുതിയകാലത്തെ സാങ്കേതികവിദ്യകളും മാധ്യമ മേഖലയിലെ സാധ്യതകളും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ രാജീവ് സ്മാർട്ട്, വീഡിയോ ജേണലിസ്റ്റും മുക്കം പ്രസ് ക്ലബ് പ്രസിഡന്റുമായ റഫീഖ് തോട്ടുമുക്കം എന്നിവർ വിവിധ വിഷയാധിഷ്ഠിത സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമറയുടെ അടിസ്ഥാന പാഠങ്ങൾ, ഫോട്ടോഗ്രാഫി ടെക്നിക്കുകൾ, വാർത്താ നിർമ്മാണം, സോഷ്യൽ മീഡിയ റീൽസ് മേക്കിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും നൽകി.
സ്കൂൾ പ്രിൻസിപ്പാൾ ജംഷീന സി.പി. പരിപാടി ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വികസന ക്ലബ് കോർഡിനേറ്റർ നിയാസ് റഹ്മാൻ പി., സൗഹൃദ ക്ലബ് കോർഡിനേറ്റർ ദർശന കെ.പി., അധ്യാപകരായ സ്വപ്ന എ.കെ., വിദ്യാർത്ഥി പ്രതിനിധികളായ വൈഗ, ജന ജാസ്മിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നൂറിലധികം വിദ്യാർത്ഥികൾ പരിശീലന ശിൽപശാലയിൽ പങ്കെടുത്തു.