ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം വീണ്ടും രൂക്ഷമായി; പുഴയിൽ ഇറങ്ങാനാവാത്ത അവസ്ഥയിൽ പ്രദേശവാസികൾ

മുക്കം : ഇരുവഴിഞ്ഞി പുഴയിൽ നീർനായകളുടെ ആക്രമണം പതിവായതോടെ പുഴയിൽ ഇറങ്ങാനാവാത്ത അവസ്ഥയിൽ പ്രദേശവാസികൾ.കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം 4 പേർക്കാണ് നീർനായ ആക്രമണത്തിൽ പരിക്കേറ്റത് .

കൊടിയത്തൂർ, ചേന്ദമംഗല്ലൂർ സ്വദേശികളായ നാലു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി റൗഫിനും ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും കാലിൽ മൂന്ന് ഇടങ്ങളിലായി ആഴത്തിലുള്ള മുറിവുകളുണ്ട്. റൗഫിന്റെ രണ്ട് കാലിലും മുറിവേറ്റിട്ടുണ്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുവഴിഞ്ഞി പുഴയിൽ നീർനായകളുടെ ആക്രമണത്തിൽ 200 ഓളം പേർക്ക് പരിക്കേറ്റതായി നാട്ടുകാർ പറയുന്നു.

കാരശ്ശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയോട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് നീർനായകൾ ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്നത്. മുമ്പ് ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) സ്ഥലം സന്ദർശിച്ച് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് വെള്ളത്തിലിറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാനും സാധിക്കുന്നില്ല. നീർനായകളുടെ തുടർച്ചയായ ആക്രമണത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്തിലടക്കം പരാതി നൽകിയിട്ടുണ്ട്. ഈ മാസം 21ന് നടക്കുന്ന പഞ്ചായത്ത് യോഗത്തിൽ നീർനായ ആക്രമണ വിഷയം അവതരിപ്പിക്കുമെന്ന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!