മാമ്പറ്റ ബൈപാസ് നവീകരണം: അങ്കണവാടിയും സാംസ്കാരിക നിലയവും പൊളിച്ചുമാറ്റണം

മുക്കം ∙ പിസി ജംക്‌ഷൻ കുറ്റിപ്പാല മാമ്പറ്റ ബൈപാസ് നവീകരണത്തിന്റെ ഭാഗമായി കുറ്റിപ്പാലയിലെ ശോച്യാവസ്ഥയിലുള്ള അങ്കണവാടി കെട്ടിടവും പൂട്ടിക്കിടക്കുന്ന സാംസ്കാരിക നിലയവും പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് ബൈപാസ് നവീകരണം.

റോഡരികിലെ വീടുകളുടെ സംരക്ഷണ ഭിത്തികളും ചുറ്റുമതിലും അടക്കം പൊളിച്ചു മാറ്റി പ്രവൃത്തി നടക്കുമ്പോഴും നഗരസഭയ്ക്കു കീഴിലുള്ള റോഡരികിലെ അങ്കണവാടി കെട്ടിടവും പഴയ സാംസ്കാരിക നിലയവും പൊളിച്ചു മാറ്റുന്നില്ലെന്നാണ് ആക്ഷേപം. അങ്കണവാടി തൊട്ടടുത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ പൊളിച്ചു മാറ്റാതെയുള്ള നവീകരണത്തിൽ ഈ ഭാഗത്ത് വേണ്ടത്ര വീതിയില്ലാതെ വരും.

ഇവ പൊളിക്കാതെയാണ് നവീകരണമെങ്കിൽ തടയാനുള്ള നീക്കത്തിലാണ് നാട്ടുകാർ‌. നിലവിൽ അഞ്ചര മീറ്റർ വീതിയുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കി 7 മീറ്റർ ആയി വർധിപ്പിച്ചാണ് വികസനം. 7 മീറ്റർ വീതിയിലാക്കാനുള്ള സ്ഥലം കുറ്റിപ്പാല ഭാഗത്തില്ല. കാൽ നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നേരത്തെ നഗരസഭ തീരുമാനിച്ചതാണ്.

അങ്കണവാടിയുടെ ചുറ്റുമതിൽ മാത്രം പൊളിച്ച് റോഡ് നവീകരിക്കാനാണ് ശ്രമം. റോഡ് പ്രവൃത്തി കഴിഞ്ഞ് അങ്കണവാടി വീണ്ടും പഴയ കെട്ടിടത്തിലേക്ക് മാറ്റുന്നത് വൻ ഭീഷണി ഉയർത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ മുക്കം അഗസ്ത്യൻമൂഴി റോഡിന്റെ ബൈപാസ് ആണ് കുറ്റിപ്പാല റോഡ്. ഗതാഗത കുരുക്കിന് പരിഹാരം കാണേണ്ട റോഡുമാണ് കുറ്റിപ്പാല ബൈപാസ്.

error: Content is protected !!