മേരി ആവാസ് സുനോ ടീസര്‍ പുറത്ത്; ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജുവും ജയസൂര്യയും

Entertainment Desk

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ടീസര്‍ പുറത്ത്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. പ്രജേഷ് സെന്നിന്റേത് തന്നെയാണ് തിരക്കഥ.റേഡിയോ ജോക്കിയായ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ശിവദയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മെയ് 13നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

ഒരു ഫീല്‍ ഗുഡ് മൂവിയാണ് മേരി ആവാസ് സുനോയെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്നുമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ടീസര്‍ ലോഞ്ചിനിടെ മഞ്ജു വാര്യരും ജയസൂര്യയും പറഞ്ഞത്.എന്റര്‍ടെയ്ന്‍മെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സിനിമയാവും മേരി ആവാസ് സുനോയെന്ന് സംവിധായകന്‍ ജി.പ്രജേഷ് സെന്നും പറഞ്ഞു.മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രമാണെന്ന സന്തോഷമുണ്ടെന്നും ഇരുവരുടേയും കോമ്പിനേഷന്‍ നന്നായി വന്നിട്ടുണ്ടെന്നും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും വേഷമിട്ടിട്ടുണ്ട്.സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

error: Content is protected !!