
Web Desk
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ് വീണ എന്ന സംരംഭകയെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ലെന്നും ഒന്നര പതിറ്റാണ്ടായി അവര്‍ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്കെതിരെ ഒരു പെറ്റി കേസുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്ക്കൊപ്പം നില്‍ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.ഇക്കണ്ട ആരോപണങ്ങള്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളു. കാണാന്‍ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോയേന്നും ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്. കേരളത്തില്‍ നടന്നിട്ടുള്ള വിവാദങ്ങളില്‍ സ്ത്രീകള്‍ ഉള്‍പെട്ടാല്‍ അത് ഒരു പ്രത്യേക ഹരത്തോടെ ചര്‍ച്ചചെയ്യപ്പെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കില്‍ ആ ഹരം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തും.
നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകള്‍ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവര്‍ സെലക്ടീവായി മാത്രമേ പ്രതികരിക്കൂ എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം. പറഞ്ഞ് വന്നത് വീണ വിജയന്‍ എന്ന സംരഭകയെ കുറിച്ചാണ്.അവര്‍ മാത്രമല്ല ഞാനടക്കം ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന, അല്ലെങ്കില്‍ ഇടതുപക്ഷ നിലപാടുള്ള സ്ത്രീകള്‍ക്ക് മേല്‍ നടക്കുന്ന വെര്‍ബല്‍ അറ്റാക്ക് അതിന്റെ എല്ലാ സീമകളും ലംഘിച്ചിട്ടും ചില ബുദ്ധി കേന്ദ്രങ്ങളും മാധ്യമ ന്യായാധിപന്മാരും തുടര്‍ന്നതും തുടരുന്നതുമായ മൗനം അശ്ലീലമാണെന്ന് പറയാതെ വയ്യ.