
Web Desk
പുതിയ ചിത്രമായ നവരസയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമായ നവരസയില്‍ പ്രിയദര്‍ശനൊരുക്കുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ അഭിനയിക്കുന്നത്.ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരും കലാകാരന്മാരും ഒന്നിക്കുന്ന ചിത്രത്തില്‍ അവസരം ലഭിച്ചത് ലോട്ടറിയടിച്ചതിനേക്കാള്‍ വലിയ ഭാഗ്യമാണെന്ന് മണിക്കുട്ടന്‍ പറയുന്നു.സമ്മര്‍ 92വിലേക്ക് എത്തിയത് എങ്ങനെയാണെന്നും ഷൂട്ടിംഗ് അനുഭവങ്ങളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പങ്കുവെച്ചു. ‘പ്രിയദര്‍ശന്‍ സര്‍ സംവിധാനം ചെയ്യുന്ന സമ്മര്‍ 92 ഒമ്പത് രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്. 2020 ഡിസംബറിലാണ് പ്രിയന്‍ സാറിന്റെ അസോസിയേറ്റായ അനി ഈ ചിത്രത്തിന്റെ കാര്യം പറഞ്ഞ് എന്നെ വിളിക്കുന്നത്.അനിയുടെ കോള്‍ വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
വലിയൊരു പ്രോജക്ട് അതും മണിരത്നം സാറിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരും കലാകാരന്മാരും അണിയറയിലും ക്യാമറയ്ക്ക് മുന്നിലും ഒത്തു ചേരുന്ന ചിത്രം. അതിന്റെ ഒരു ഭാഗമാവുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ലോട്ടറി അടിച്ചു എന്നല്ല അതിനും മീതേയാണ്.
റിയാലിറ്റി ഷോയുടെ ഭാഗമാവാന്‍ പോവുന്നതിന്റെ മുമ്പ് ഞാന്‍ ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും മണി എന്നാണ്. യോഗി ബാബു സാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലത്ത് അദ്ദേഹത്തെ പഠിപ്പിച്ച മാഷിന്റെ വേഷമാണ്. പ്രിയന്‍ സാറുമായുള്ള എന്റെ നാലാമത്തെ ചിത്രമാണിത്. ഒരു അഭിനേതാവിന്റെ പോസറ്റീവ് വശങ്ങള്‍ മാത്രം കാണുന്ന സംവിധായകനാണ് അദ്ദേഹം,’ മണിക്കുട്ടന്‍ പറഞ്ഞു.