
News Desk
രണ്ട് പെൺമക്കളെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ 42കാരൻ അറസ്റ്റിൽ. കർണാടകയിലാണ് സംഭവം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ മക്കളെ പീഡനത്തിനിരയാക്കുകയായിരുന്നെന്നും, പരാതിയെത്തുടർന്ന് മംഗളൂരു പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്
ജൂൺ രണ്ടിന് ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിച്ചിരുന്നു. അസഭ്യ വാക്കുകൾ ഉപയോഗിച്ച പ്രതി തയ്യൽ മെഷീനെടുത്ത് ഭാര്യയ്ക്ക് നേരെ എറിയുകയും ചെയ്തു. ഇതിന് പിന്നാലെ ഭാര്യ മകനെയും രണ്ട് പെൺമക്കളെയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയായിരന്നു. പിന്നീട് ഇവിടെ നിന്നാണ് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരത ഇവർ വിവരിച്ചത്.
തന്നെ അച്ഛൻ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് ഇളയ പെൺകുട്ടിയാണ് വെളിപ്പെടുത്തിയത്. ഈ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. മെയ് 12 മുതൽ ചൂഷണത്തിനിരയായെന്നാണ് കുട്ടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മൂത്ത കുട്ടിയും പീഡനത്തിന് ഇരയാകാറുണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി അച്ഛൻ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പറഞ്ഞത്.
നിസാര കാര്യങ്ങൾക്ക് പോലും അച്ഛൻ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും ഇളയകുട്ടി പറഞ്ഞു. അമ്മയെയും ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശിലുമാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.