
Web Desk
കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയതായി പരാതി. ഉരുളൂര്‍ സ്വദേശി അഷ്റഫിനെയാണ് പുലര്‍ച്ചെ അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നോവയിലെത്തിയാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. തോക്കുചൂണ്ടിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഒരുമാസം മുമ്പാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.
തടയാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, വാഹനത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പൊലീസ് പറഞ്ഞു. അക്രമി സംഘം എത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംസാരമുണ്ടായതായി അഷറഫിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. അഷറഫിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്തിൽ അഷറഫ് കാരിയറായി പ്രവർത്തിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണം നൽകാത്തതിന്റെ പേരിലാകാം തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് കരുതുന്നു.