
Entertainment Desk
രാജ്യസ്നേഹവും, ധീരതയും പറയുന്ന അദിവി ശേഷ് നായകനായ ചിത്രം മേജര്‍ ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചത്.ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി. ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈയ് മൂന്നിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുക. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്ത് എന്ന പേജിലൂടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം സ്ട്രീമിങ് ചെയ്യും.
മുംബൈ ഭീകരാക്രമണത്തിനിടയില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയ മേജര്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ശശി കിരണ്‍ ടിക്കയാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിച്ചത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.