
newsdesk
മലപ്പുറം: വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്ന് വളാഞ്ചരി നഗരസഭാ മുന്‍ കൗണ്‍സിലറായ ബാവ എന്നറിയപ്പെടുന്ന ശിഹാബുദ്ദീന്‍ പറഞ്ഞു. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു. ‘വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കും. എതിര്‍ക്കാന്‍ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ മുന്നോട്ട് വരണം. മുട്ടുകാല്‍ തല്ലിയൊടിക്കും’, ശിഹാബുദ്ദീന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ഥലങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗവും അക്രമവും നടത്തുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നും ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ് ഭീഷണിപ്പെടുത്തിയിരുന്നു.
വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്റെ പ്രസംഗവും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു മജീദിന്റെ അധിക്ഷേപ പ്രസംഗം.
അതേസമയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം.
341 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 54ഇടത്ത് യുഡിഎഫും 28ഇടത്ത് എല്‍ഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78, എല്‍ഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.