ലോൺ ആപ്പ് അഥവാ ജീവനെടുക്കുന്ന കെണി ;ലോണ്‍ ആപ്പ് തട്ടിപ്പിന്റെ ഭീഷണിയുണ്ടോ നിങ്ങൾക്ക് ; എങ്കിൽ ഇനി ഭയപ്പെടേണ്ട, കേരള പൊലീസ് കൂടെയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു ;ആപ്പ് തട്ടിപ്പിനിരയാവാതിരിക്കു ….

NEWSDESK

നിയമവിരുദ്ധ ലോണ്‍ ആപ്പുകള്‍ക്ക് തലവച്ചുകൊടുക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെയും പൊലീസിന്റെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ക്കിടയിലും അതില്‍പ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്.

ലോൺ എടുത്തതിന്റെ പേരിൽ ലോൺ ആപ്പ് സംഘത്തിൻറെ ഭീഷണിക്ക് ഇരയായി കൊച്ചിയിൽ ദമ്പതികളും മക്കളും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വയനാട്ടിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവാണ് വയനാട്ടിൽ ആത്മഹത്യ ചെയ്തത്. അരിമുള സ്വദേശി അജയ് രാജാണ് ലോൺ ആപ്പ് സംഘത്തിൻ്റെ ഭീഷണിയെ തുടർന്ന് ജീവൻ വെടിഞ്ഞത്. രാജിന് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ അതിനെ തരണം ചെയ്യാൻ ഓൺലൈൻ ആപ്പിൽ നിന്നും രാജ് കടമെടുത്തിരുന്നു. ഈ പണം തിരിച്ചടക്കാൻ ഭീഷണി വന്നതോടെയാണ് യുവാവ് ആത്മഹത്യയ്ക്കു മുതിർന്നത്.

ലോൺ ആപ്പ് സംഘം യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി യുവാവിൻ്റെ സുഹൃത്തുക്കൾ പറയുന്നു. ഇതിനിടയിൽ യുവാവിൻ്റെ വ്യാജ ചിത്രം ഉപയോഗിച്ചും സംഘത്തിൽ നിന്നും ഭീഷണിയുണ്ടായി. മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉൾപ്പെടെ സംഘം യുവാവിന് അയച്ചിരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോൺ ആപ്പ് സംഘത്തിൻറെ ഭീഷണിയെ തുടർന്ന് യുവാവ് മാനസികമായി തകർന്നിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. വലിയ തുക തിരിച്ചടയ്ക്കാൻ കഴിയാതെ വരുമെന്ന ആശങ്കയും സമൂഹത്തിനുമുന്നിൽ നാണം കെടുമെന്നുള്ള മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. ബംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിയും ഇങ്ങനെയാണ് ജീവനൊടുക്കിയത്.

അതേസമയം ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിലവിലെ ഐടി നിയമങ്ങളിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലേ സ്റ്റോറിൽ അടക്കം ലഭ്യമായ ആപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. ഇത്തരം നിയമ വിരുദ്ധ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ വ്യവസ്ഥകളുള്ള നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റിസർവ്ബാങ്കിൻ്റെ അനുമതിയുള്ള ഓൺലൈൻ വായ്‌പാ ആപ്പുകളുടെ പട്ടിക ഉടൻ പുറത്തിറക്കുമെന്നും മറ്റു ആപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായിട്ടുള്ളആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ നിന്നുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കോൺണ്ടാക്ട് ലിസ്റ്റും ഉപയോഗിക്കാനുള്ള അനുമതി അത് തേടുന്നുണ്ട്. അനുമതി ഉപയോഗിക്കുന്ന വ്യക്തി നൽകിയാൽ നമ്മുടെ ഫോണിൽ ഉള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെ ലോൺ ആപ്പ് സംഘങ്ങളുടെ കയ്യിലെത്തും. ഈ ഫോട്ടോകളും മറ്റും ഉപയോഗിച്ചാണ് ലോൺ ആപ്പ് സംഘങ്ങൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിയിടുന്നത്.
നിലവില്‍ സംസ്ഥാനത്തുടനീളം ഇത്തരം സൈബര്‍ സംഘങ്ങളുടെ ക്രൂരതക്ക് നിരവധിയാളുകള്‍ ബലിയാടായിട്ടുണ്ടെന്നാണ് കരുതുന്നത്.

പണം ആവശ്യമുള്ളവരെ ഓണ്‍ലൈന്‍ പേയ്‌മെന്റിലൂടെ സഹായിച്ച് പിന്നീട് വലിയ പലിശ സഹിതം തുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പണം തിരികെ നല്‍കാന്‍ കഴിയാത്തവരെ ബന്ധുക്കളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചും വ്യാജ സന്ദേശങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ മാനസികമായി തകരുന്ന വ്യക്തികള്‍ ആത്മഹത്യ ചെയ്യലല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് തീരുമാനിക്കുന്നു. ഇതിനോടകം നിരവധിയാളുകള്‍ ഇത്തരക്കാരുടെ കെണിയില്‍പ്പെട്ട് ഭീഷണിക്ക് പാത്രമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരാതികള്‍ വ്യാപകമായതോടെ പൊലിസിന്റെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യക്ക് പുറത്ത് നിന്നുള്ള സൈബര്‍ കുറ്റവാളി സംഘങ്ങളിലേക്കും അന്വേഷണം നീളുന്നതിനാല്‍ ഇവരെ എന്ന് വലയിലാക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് കേരള പൊലിസിന്റെ നിര്‍ദേശം.

ഏതെങ്കിലും തരത്തില്‍ ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ അകപ്പെട്ടാല്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായാണ് കേരള പൊലിസ് രംഗത്തെത്തിയിരിക്കുന്നത്.

കരുതലുകൾ

ഇത്തരം സന്ദര്‍ഭങ്ങളില്‍ തളരാതെ എല്ലാ തെളിവുകളും ശേഖരിച്ച് സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലായ http://cybercrime.goc.in പരാതി നല്‍കണമെന്ന് കേരള പൊലിസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കൂടാതെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴിയും പരാതികള്‍ അറിയിക്കുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ ഉടനടി പരാതി നല്‍കുകയോ ചെയ്യണമെന്നും പൊലിസ് അറിയിച്ചു.

പോലീസ് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഓണ്‍ലൈന്‍ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്‌നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.

നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന, നിങ്ങള്‍ക്ക് അറിയാത്ത എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകളേയും അറിയിക്കുക.

നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓര്‍ക്കുക, ഇത്തരം സംഭവമുണ്ടായാല്‍ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

error: Content is protected !!