
newsdesk
കോഴിക്കോട്: കേരളത്തില്‍ ആദ്യമായി മാളില്‍ മദ്യ വില്പനശാല പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ഗോകുലം മാളിലാണ് ബെവ്‌കോയുടെ ഔട്ട്ലെറ്റ് തുടങ്ങിയത്. മാവൂർ റോഡിലെ ഗോകുലം ഗലേറിയ മാളിലാണ് ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങിയത്. ഔട്ട്‌ലെറ്റിന്റെ ഉദ്ഘടനം ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി നിർവഹിച്ചു.
‘ഹൈ സ്പിരിറ്റ് ബെവ്കോ ബോട്ടിക്ക്’എന്നാണ് ഔട്ട്‌ലെറ്റിന്റെ പേര്. ഗോഡൗണ്‍ ഉള്‍പ്പെടെ 2,400 ചതുരശ്രയടി വിസ്തൃതിയുള്ള ഔട്ട്ലെറ്റിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ ലഭിക്കുന്ന പ്രീമിയം ഇനം മദ്യങ്ങളെല്ലാം ലഭിക്കും. വിവിധ ബ്രാൻഡ് വിദേശ മദ്യവുമുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കിട്ടുന്ന ബ്രാൻഡുകളും ഇവിടെയുണ്ട്. ബെവ്‌കോയുടെ രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റാണ് ഗോകുലം മാളിൽ ആരംഭിച്ചത്.
രാവിലെ 10 മണി മുതൽ രാത്രി ഒമ്പത് വരെയാണ് ഔട്ട്‌ലെറ്റിന്റെ പ്രവർത്തനസമയം. 21 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഔട്ട്‌ലെറ്റിലേക്ക് പ്രവേശനമുള്ളൂ. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ഒരു ദിവസം വാങ്ങാൻ കഴിയുള്ളു. കൂടാതെ വിദേശ ബ്രാൻഡുകളുടെ പരിധി രണ്ടര ലിറ്ററുമാണ്.