നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധം;ഭയന്ന് റൂട്ട് മാറ്റി പ്രഫുല്‍ പട്ടേല്‍

News Desk

ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കോണ്‍ഗ്രസ് എം.പിമാര്‍ പ്രഫുലിനെ കാണാനായി നെടുമ്പാശ്ശേരിയിലെത്തിയിരുന്നു.
എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവരായിരുന്നു ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിക്കാനായി വിമാനത്താവളത്തിലെത്തിയത്.ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഗോ പട്ടേല്‍ ഗോ മുദ്രാവാക്യങ്ങളും ആളുകള്‍ വിളിക്കുന്നുണ്ട്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

error: Content is protected !!