ഗതാഗതക്കുരുക്കിനിടെ ബസ് ക്രമം തെറ്റിച്ച കെഎസ്‌ആർടിസി ഡ്രൈവർക്ക് നടുറോഡിൽ ക്രൂരമർദ്ദനം

newsdesk

തൃശൂർ: കെ എസ് ആർ ടി സി ഡ്രൈവർക്ക് നടുറോഡിൽ ക്രൂരമർദ്ദനം. തൃശൂർ ഒല്ലൂർ സെന്ററിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ഗതാഗതക്കുരുക്കിൽ ബസ് ക്രമം തെറ്റിച്ചെന്നാരോപിച്ച് ഹെൽമറ്റ് കൊണ്ട് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.

തൊടുപുഴ ഡിപ്പോയിൽ നിന്ന് തൃശൂരിലേയ്ക്ക് സ്‌പെഷ്യൽ സർവീസ് നടത്തിയ ബസിലെ ഡ്രൈവർ അബ്‌ദുൾ ഷുക്കൂറിനും കണ്ടക്‌ടർക്കുമാണ് മർദ്ദനമേറ്റത്. ഒല്ലൂർ പ്രദേശത്ത് സംഭവസമയം കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇതിനിടയിൽ വലതുവശം ചേർന്ന് ബസ് മുന്നോട്ട് കയറിയതാണ് പ്രകോപനത്തിന് കാരണം.എതിർദിശയിൽ നിന്ന് ബൈക്കിലെത്തിയ വിജിത്ത് എന്ന് യുവാവാണ് ആദ്യം സംഘർഷമുണ്ടാക്കിയത്. ബസ് തടഞ്ഞുനിർത്തി ഇയാൾ ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയിലെത്തിയ യുവാക്കളും ഡ്രൈവറെ ആക്രമിച്ചു. വാതിലിൽ വലിഞ്ഞുകയറി ഡ്രൈവറെ ആക്രമിക്കുന്നതും ഹെൽമറ്റ് ഉൾപ്പെടെ കൊണ്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ പുറത്തിറങ്ങിയ അബ്‌ദുൾ ഷുക്കൂറിനെ റോഡിലിട്ട് മർദ്ദിക്കുകയായിരുന്നു. ലോറിയിൽ നിന്ന് ആദ്യം ഇറങ്ങിയ ക്ളീനർ മിന്ന ഷുക്കൂറിനെ അസഭ്യം പറയുകയും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദ്ദനത്തിൽ ഡ്രൈവർക്ക് മുഖത്തും കൈകൾക്കും പരിക്കേറ്റു. മുഖത്ത് അടിയേറ്റ ഇദ്ദേഹം കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ ഡ്രൈവറും കണ്ടക്‌ടറും ചികിത്സ തേടിയതിനുശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ ബൈക്കിലെത്തിയ തൈക്കാട്ടുശേരി സ്വദേശി വിജിത്ത്, ലോറി ഡ്രൈവർ മുർഷിദ്, ക്ളീനർ മിന്ന എന്നിവരെ ഒല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

error: Content is protected !!