
NEWSDESK
കോഴിക്കോട്: ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തങ്ങളുടെ പേരിൽ വരുന്നെങ്കില്‍ അത് തട്ടിപ്പാണെന്ന് കെ എസ് ഇ ബി അറിയിച്ചു. ഇക്കാര്യത്തില്‍ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി പറഞ്ഞു.
ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെ എസ് ഇ ബി ആവശ്യപ്പെട്ടു.