
Web Desk
താമരശ്ശേരി, അടിവാരം പൊട്ടിക്കൈയിൽ രാത്രിയിൽ വീടിനു നേരെ വെടി വയ്പ്. പൊട്ടിക്കൈ പുത്തൻ പുരയ്ക്കൽ പി.ആർ. മണിയന്റെ വീടിനാണ് വെടിയേറ്റത്. പോർച്ചിലെ തൂണിൽ പതിച്ച് തെറിച്ച വെടിയുണ്ട ചുമരിൽ തട്ടി മുറ്റത്തേക്ക് വീണതിനാലാണ് അപകടം ഒഴിവായത്. കുടുംബാംഗങ്ങളെല്ലാം സംഭവ സമയം വീട്ടിലുണ്ടായിരുന്നു. ബുധൻ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കാട്ടു പന്നിയെ വെടിവയ്ക്കുന്നതിനിടെ ഉന്നം മാറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാടൻ തോക്കിൽ ഉപയോഗിക്കുന്ന ഉണ്ട വീടിന്റെ മുറ്റത്തു നിന്നും ലഭിച്ചിട്ടുണ്ട്. രാത്രിയിൽ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയെങ്കിലും ആരെയും കണ്ടിരുന്നില്ല. രാവിലെയാണ് വീടിന് കേടു പാടുകൾ പറ്റിയതും മുറ്റത്ത് വെടിയുണ്ട കിടക്കുന്നതും കണ്ടത്. താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.