NEWSDESK
തിരുവമ്പാടി ∙ ഓളിക്കൽ ജലവൈദ്യുത പദ്ധതിക്കായി നാട്ടുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം. പദ്ധതി പ്രദേശത്തേക്ക് എത്താനുള്ള ഏക മാർഗമായ പുന്നയ്ക്കൽ -ഓളിക്കൽ റോഡ് തകർന്നു തരിപ്പണമായിരിക്കുകയാണ്. തിരുവമ്പാടി പഞ്ചായത്തിന്റെ അതിർത്തിയിൽ പൊയിലിങ്ങാപ്പുഴയിലാണ് ഓളിക്കൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണം നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് പൊട്ടിച്ചു നീക്കുന്ന പാറ വലിയ ലോറികളിൽ ദിവസവും ഈ ഗ്രാമീണ റോഡിൽ കൂടി കൊണ്ടുപോകുന്നതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മണ്ണ് നിറഞ്ഞ റോഡിൽ ക്വാറി അവശിഷ്ടം ഇട്ട് കല്ലും കുഴിയും ആയിട്ടുണ്ട്.
പഞ്ചായത്ത് റോഡ് ആയിരുന്ന ഓളിക്കൽ റോഡ് എട്ടു വർഷം മുൻപാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. ഇരുനൂറോളം കുടുംബങ്ങളും ഹരിജൻ കോളനിയും ഈ റോഡിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. റോഡ് തകർന്നതോടെ ഈ പ്രദേശത്തേക്കുള്ള യാത്രാ സൗകര്യമാണ് ഇല്ലാതായത്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനോ കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനോ സൗകര്യമില്ലാത്ത അവസ്ഥയാണ്. ചെറുവാഹനങ്ങൾക്ക് ഈ റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നില്ല. ദിവസവും ഒട്ടേറെ വാഹനാപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത് . റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് ഓഫിസ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതിനെ തുടർന്ന് മൂന്നുമാസം മുൻപ് റോഡ് നന്നാക്കുന്നതിന് 17 ലക്ഷം രൂപ കെഎസ്ഇബി അനുവദിച്ചു. എന്നാൽ ഇതുവരെ ഒരു നിർമാണ പ്രവർത്തനവും റോഡിൽ ആരംഭിച്ചിട്ടില്ല.
ഏതാനും ടാർ വീപ്പകൾ മാത്രമാണ് പ്രദേശത്ത് ഇറക്കി വച്ചിരിക്കുന്നത്. റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ഭാരവാഹനങ്ങൾ തടയുമെന്ന് നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ലോറി തടയുകയും ചെയ്തു. മഴ മൂലമാണ് റോഡ് പണി ആരംഭിക്കാത്തത് എന്നും മഴ മാറിയാൽ ഉടനെ റോഡ് പണി തുടങ്ങുമെന്നും കെഎസ്ഇബിയും കരാർ കമ്പനി അധികൃതരും അറിയിച്ചു. അടിയന്തരമായി റോഡ് പണി ആരംഭിച്ചില്ലെങ്കിൽ പദ്ധതിയുടെ പ്രവർത്തനം തന്നെ പ്രതിരോധിക്കുന്ന രീതിയിൽ സമര പരിപാടികൾ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. എന്നാൽ പദ്ധതിയുടെ പ്രവർത്തനത്തിന് സഞ്ചാരയോഗ്യമായ റോഡ് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.