
Web Desk
കോഴിക്കോട് , മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായ ദിവസത്തെ സിസി ടിവി ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ നിന്നു നഷ്ടപ്പെട്ടു. 12 ദിവസത്തെ ദൃശ്യങ്ങളേ ഹാർഡ് ഡിസ്കിൽ ഉണ്ടാകൂ എന്നും അതു കഴിഞ്ഞാൽ പഴയവ മാഞ്ഞ് പുതിയ ദൃശ്യങ്ങളാകും പതിയുക (ഓവർ റൈറ്റ്) എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പൊലീസ് കുന്നമംഗലം മജിസ്ട്രേട്ട് കോടതിയെ അറിയിക്കും. ഇനി പൊലീസിനു ചെയ്യാവുന്നത് ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. അക്രമം നടന്ന ഓഗസ്റ്റ് 31 ന് രാവിലെ 8.30നും 10.30നും ഇടയിലുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അനുവദിക്കണമെന്ന് മെഡിക്കൽ കോളജ് സിഐ 16ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നു. 31ന് ആക്രമണമുണ്ടായിട്ടും പൊലീസ് ഹാർഡ് ഡിസ്ക് പിടിച്ചെടുക്കാൻ വൈകുന്നതു സംബന്ധിച്ച് സുരക്ഷാ ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ നേരത്തേ പൊലീസ് കോപ്പി ചെയ്ത് എടുത്തിരുന്നു. എന്നാൽ കോടതിയിൽ ഇതു പ്രാഥമിക തെളിവായി നിലനിൽക്കണമെന്നില്ല. അതിനാൽ ഹാർഡ് ഡിസ്ക് തെളിവായി പിടിച്ചെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്ന സിപിഎം വാദം നിലനിൽക്കുന്നതിനിടെയാണ് ഹാർഡ് ഡിസ്ക് വിവരങ്ങൾ നഷ്ടപ്പെട്ടതായുള്ള അറിയിപ്പ്.