newsdesk
കോഴിക്കോട്∙ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് തിരയുന്ന ആൺ സുഹൃത്ത് തൃശൂർ തിരുവില്വാമല മല്ലശമംഗലം കുതിരാംപാറക്കൽ വീട്ടിൽ അബ്ദുൽ സനൂഫിനെ(28) ചെന്നൈയിൽ നിന്നു കോഴിക്കോട് നടക്കാവ് പൊലീസ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെ യുവാവിനെ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്നു ഫോട്ടോ സ്ഥിരീകരിച്ചാണു പിടികൂടിയത്. വൈകിട്ട് 6.30ന് പൊലീസ് സംഘം കോഴിക്കോട്ടേക്കു തിരിച്ചു. ഇന്നു രാവിലെ പത്തരയോടെ സനൂഫുമായി പൊലീസ് കോഴിക്കോട്ടെത്തും. തുടർന്നു ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കി ഇന്നു തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശി കാപ്പ് പൊതക്കല്ലിൽ ഫസീലയ്ക്ക്(33) ഒപ്പം ഇയാൾ എരഞ്ഞിപ്പാലത്തെ ഫാസ് റസിഡൻസിയിൽ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം രാത്രി മുറിവാടകയുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനുമായി സംസാരിച്ച ഇയാൾ രാത്രി 10.40ന് മുങ്ങുകയായിരുന്നു. പിറ്റേന്നു രാവിലെ മുറി തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയും ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മരണം ശ്വാസംമുട്ടിയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്.പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബെംഗളൂരു, ചെന്നൈ, പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇയാൾ സഞ്ചരിച്ച കാർ പാലക്കാട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൃത്തിനെ ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് ലഭിച്ചത്. 4 ദിവസം കൊണ്ടു പ്രതിയെ പിടികൂടി.