
NEWSDESK
കോഴിക്കോട്: ലഹരിക്കടത്ത് സംഘത്തിൽ അകപ്പെട്ട സ്ത്രീയെ സംഘത്തിൽ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ട് കാപ്പാ കേസിലെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കോഴിക്കോട് സിറ്റി പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് അദ്ധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.കാപ്പാ പ്രതിയായ വെബ്ലി സലിം എന്നയാളാണ് യുവതിയെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. നല്ലളം പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയതായി യുവതി പറയുന്നു. ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു. യുവതിയുടെ സുഹൃത്തിനെ നഗ്‌നനാക്കി വീഡിയോ പകർത്തി കാപ്പാ പ്രതി യുവതിക്ക് അയച്ചുകൊടുത്തതായും പരാതിയിലുണ്ട്. താൻ നിരപരാധിയാണെന്നും ലഹരിക്കടത്ത് സംഘത്തിൽ അകപ്പെടുത്തിയതാണെന്നും യുവതി പറഞ്ഞു. ഈ മാസം 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.