
Web Desk
ഫറോക്ക് , സുരക്ഷാ കമാനം നിർമാണം നീളുന്നതിനാൽ ഫറോക്ക് പഴയ പാലത്തിൽ അപകടം തുടർക്കഥയാകുന്നു. പെരുമ്പാവൂരിലേക്കു മരം കയറ്റി പോകുകയായിരുന്ന ലോറി ഇന്നലെ പുലർച്ചെ പാലത്തിൽ ഇടിച്ചു. കമാനത്തിലെ റിഫ്ലക്ടറുകൾ ഉൾപ്പെടെ നശിച്ചു. പാലത്തിന്റെ പ്രവേശന കവാടത്തിലെ ഇരുമ്പ് കമാനത്തിൽ ലോറി ഇടിച്ചതോടെ മരത്തടികൾ റോഡിൽ വീണു. ഇതേ തുടർന്നു ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ലോറി പിന്നോട്ട് എടുത്തു തടികൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ഒരു മാസം മുൻപ് ഉദ്ഘാടനം നടത്തിയ പാലത്തിന്റെ പ്രവൃത്തി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. പാലം എത്തുന്നതിനു മുൻപ് ഇരുകരയിലും വലിയ കമാനം സ്ഥാപിക്കുന്ന ജോലി പാതിവഴിയിലാണ്. തൂണുകളുടെ പൈലിങ് മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഫറോക്ക് ഭാഗത്ത് 20 മീറ്റർ അകലെയും ചെറുവണ്ണൂർ കരയിൽ 60 മീറ്റർ അകലെയുമാണ് കമാനം സ്ഥാപിക്കുന്നത്. പാലം ഗതാഗതത്തിനു തുറക്കുന്നതിനു മുൻപ് സുരക്ഷാ കമാനം നിർമിക്കേണ്ടതായിരുന്നു. ഇതിനു നടപടി സ്വീകരിക്കാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കമാനം ഇല്ലാത്തതിനാൽ വാഹനങ്ങൾ നേരിട്ടു പാലത്തിൽ ഇടിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. ചരക്കു വാഹനങ്ങൾ ഇടിച്ചു പാലത്തിന്റെ കവാടത്തിൽ ഇരു കരയിലെയും ബ്ലിങ്കറിങ് സിഗ്നൽ ലൈറ്റുകൾ തകർന്നു അപ്രത്യക്ഷമായി. നവീകരിച്ച പാലം കഴിഞ്ഞ 27നാണു ഗതാഗതത്തിനു തുറന്നത്. ഉദ്ഘാടനം ചെയ്ത ശേഷം മൂന്നു അപകടങ്ങളുണ്ടായി. പാലം ഉദ്ഘാടനം ചെയ്തയുടൻ ടൂറിസ്റ്റ് ബസിടിച്ചു ബ്ലിങ്കറിങ് സിഗ്നൽ ലൈറ്റ് തകർന്നിരുന്നു. ബസിന്റെ മുകൾ ഭാഗത്തു ഘടിപ്പിച്ച എസി ഫാനുകൾ ഉൾപ്പെടെ നശിക്കുകയും ഉണ്ടായി.ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള ഉയരം കൂടിയ ചരക്കു വാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി 3.6 മീറ്റർ ഉയരം ക്രമപ്പെടുത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പാലം എത്തുന്നതിനു മുൻപ് മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ രാത്രി എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.