
newsdesk
കോഴിക്കോട്: നഗരത്തിൽ ഇനി ഫയർസ്റ്റേഷനില്ല. ബീച്ച് ഫയർസ്റ്റേഷൻ പൂട്ടിക്കെട്ടി ജീവനക്കാരെയെല്ലാം ഈ ആഴ്ച ‘നാടുകടത്തും’. സുരക്ഷാ ഉപകരണങ്ങളും എട്ട് വണ്ടികളും 60 ജീവനക്കാരും ജില്ലയിലെ ഏതെങ്കിലും ഫയർസ്റ്റേഷനിലായിരിക്കും. മിഠായിത്തെരുവിലടക്കം നഗരത്തിലെവിടെയും തീപിടിത്തമുണ്ടായാൽ മിനിറ്റുകൾക്കകം ഓടിയെത്തുന്ന ബീച്ച് ഫയർസ്റ്റേഷന് നഗരത്തിലെവിടെയും മാറാൻ സ്ഥലമില്ല. നഗരത്തിൽ പെട്ടെന്നൊരു തീപിടിത്തമുണ്ടായാൽ മീഞ്ചന്തയിൽ നിന്നെ വെള്ളിമാടുകുന്നിൽ നിന്നെ ട്രാഫിക് കടമ്പകൾ കടന്ന് അഗ്നിശമന സേനാ വണ്ടികൾ ഓടി എത്തേണ്ടിവരും.
കോടികൾ ചെലവിട്ട് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ പല വകുപ്പുകളിലായി മൂന്ന് മന്ത്രിമാർ ഭരിക്കുന്ന കോഴിക്കോട്ട് നഗരത്തിന്റെ സുരക്ഷയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഫയർസ്റ്റേഷന് ഇടം നൽകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഫിഷറീസിന്റെ ഉടമസ്ഥതയിലുള്ള നിലവിലെ കെട്ടിടത്തിന്റെ സുരക്ഷ അപകടത്തിലായപ്പോൾ മുതൽ തുടങ്ങിയതാണ് പുതിയ കെട്ടിടത്തിനായുള്ള ആവശ്യം. മുട്ടാത്ത വാതിലുകളില്ല, ഒന്നും നടക്കുന്നില്ലെന്ന് മാത്രമെന്ന് ബീച്ച് ഫയർസ്റ്റേഷൻ ഓഫീസർ കെ. അരുൺ പറയുന്നു. ജീവനക്കാരെയും ഉപകരണങ്ങളെയും വണ്ടികളും പലസ്റ്റേഷനുകളിലായി പുനർവിന്യസിപ്പിക്കാനാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. അത് ഈ ആഴ്ചതന്നെ നടക്കും. രണ്ടാഴ്ചകൊണ്ട് പൂർത്തിയാകുമെന്നും അരുൺ പറഞ്ഞു. പെട്ടെന്നുള്ള സ്ഥലം മാറ്റവും പറിച്ചുനടലും ജീവനക്കാർക്ക് വലിയ പ്രശ്‌നമാണ്. വണ്ടികളടക്കം മാറ്റുന്നതും ശ്രമകരമാണ്.മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം, മാവൂർ റോഡ് തുടങ്ങി നഗരമദ്ധ്യത്തിൽ എവിടെ ദുരന്തമുണ്ടായാലും ആദ്യം വിളിയെത്തുന്ന ഫയർ സ്റ്റേഷനാണ് അനുയോജ്യമായ കെട്ടിടം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നത്.
നിലവിൽ ഫയർസ്റ്റേഷൻ പ്രവൃത്തിക്കുന്ന കെട്ടിടം സുരക്ഷിതമല്ലെന്ന് പി.ഡബ്ല്യു.ഡി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളയിലെ ഫിഷറീസ് മേഖലാ ഓഫീസ് കോമ്പൗണ്ടിലേക്ക് താത്ക്കാലികമായി മാറ്റാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും മറ്റ് പദ്ധതികൾ ചൂണ്ടിക്കാണിച്ച് ഫിഷറീസ് വകുപ്പ് ഉടക്കിട്ടതോടെയാണ് മറ്റൊരു സ്ഥലവും കിട്ടാതെ എങ്ങോട്ടെന്നില്ലാതെ അലയേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.നഗരത്തിൽ അത്യാഹിതമുണ്ടായാൽ ഉടനെത്തുന്ന ബീച്ച് ഫയർഫോഴ്‌സിന്റെ ഓഫീസ് നഗരത്തിൽ തുടരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. വകുപ്പുകളുടെ വടംവലി ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവാതിരിക്കാൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ അഹമ്മദ് ദേവർകോവിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. നഗരത്തിൽ തുടർച്ചയായുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷന് സമീപം സാറ്റ്‌ലൈറ്റ് ഫയർ ഫോഴ്‌സ് ഓഫീസ് സ്ഥാപിക്കാമെന്ന പ്രഖ്യാനവും ഇതുവരെ നടപ്പായിട്ടില്ല.